ദുബായ് -ദുബായിൽ അവധിയാഘോഷത്തിനിടെ യുറോപ്യൻ കുടുംബത്തിന്റെ വാഹനം മരുഭൂമിയിൽ കുടുങ്ങിയപ്പോൾ രക്ഷക്കെത്തിയത് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം. ശൈഖ് മുഹമ്മദിന്റെ വാഹന വ്യൂഹം മരുഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ചിത്രങ്ങൾ ഇമാറാത്ത് അൽ യൗം പത്രമാണ് ട്വീറ്റ് ചെയ്തത്.
മരുഭൂ പാതയിൽ റോഡിൽ നിന്നു തെന്നിമാറി മണലിൽ കുടുങ്ങിക്കിടന്ന യുറോപ്യൻ സംഘത്തിന്റെ വാഹനം ശൈഖ് മുഹമ്മദിന്റെ വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് റോഡിലെത്തിച്ചത്. സംഘത്തിനൊപ്പം നിൽക്കുന്ന ശൈഖ് മുഹമ്മദിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ വൈറലായി. മരുഭൂമിയിൽ നിന്ന് രക്ഷിച്ച സംഘത്തിന് പ്രധാന റോഡിലേക്ക് വഴികാണിച്ചതും ശൈഖ് മുഹമ്മദാണ്.