റിയാദ് - താടി വടിച്ചതിന് സൗദി പൗരന് പോലീസ് പിഴ ചുമത്തിയത് പത്തു ഗുറൂശ്. സംഭവം നടന്നത് എന്നാണെന്ന് അറിയാമോ. എട്ടു ദശകം മുമ്പാണ് സൗദി പൗരന് പോലീസ് പത്തു ഗുറൂശ് പിഴയിട്ടത്. പിഴ ചുമത്തിയത് വ്യക്തമാക്കുന്ന രേഖ സോഷ്യൽ മീഡിയയിൽ വൈറലായി. ചില ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ വലിയ തോതിൽ ഉയർത്തിയ പശ്ചാത്തലത്തിലാണ് 88 വർഷം മുമ്പ് താടിവടിച്ചതിന് സൗദി പൗരന് പോലീസ് 10 ഗുറൂശ് പിഴ ചുമത്തിയത് വ്യക്തമാക്കുന്ന രേഖ സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുന്നത്.
പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളിൽ നജ്ദ് എന്ന് മുദ്രണം ചെയ്ത് രാജ്യത്ത് പണസംബന്ധിയായ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പോംവഴികൾ കണ്ടെത്തുന്നതിന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് കിണഞ്ഞ് ശ്രമിച്ചിരുന്നു. തുർക്കി നാണയമായിരുന്ന അഞ്ചു ഗുറൂശ്, ഈജിപ്ഷ്യൻ സുൽത്താനേറ്റ് കാലത്തെ രണ്ടു ഗുറൂശ്, അഞ്ചു ഗുറൂശ്, പത്തു ഗുറൂശ്, ഇരുപതു ഗുറൂശ് എന്നിവ അടക്കമുള്ള നാണയങ്ങളിലാണ് അബ്ദുൽ അസീസ് രാജാവ് ഇങ്ങിനെ നജ്ദ് എന്ന് മുദ്രണം ചെയ്ത് പരിഷ്‌കരിച്ചത്.