ആലപ്പുഴ- ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ലോകായുക്തയ്ക്കും പരാതി നല്‍കി. 2021-ല്‍ ചെങ്ങന്നൂരില്‍ നിന്നും നിയമസഭയിലേയ്ക്ക് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സജി ചെറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നോമിനേഷന്‍ നല്‍കിയപ്പോള്‍ സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് തന്റെ സ്വത്ത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കെ റെയില്‍ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി തന്റെ സ്വത്ത് അഞ്ച് കോടിയിലധികം വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.2021-22 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷത്തില്‍ നിന്നും അഞ്ചു കോടിയായി മന്ത്രിയുടെ സമ്പാദ്യം വളര്‍ന്നതിന് പിന്നില്‍ അഴിമതിയാണെന്ന് ബിനുചുള്ളിയില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ മറ്റ് ബിസിനസുകള്‍ ചെയ്യുന്നതായി വിവരങ്ങള്‍ നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചതാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മന്ത്രിയുടെ വാക്കുകളില്‍ നിന്നും തന്നെ അഴിമതി വ്യക്തവുമാണ്. 32 ലക്ഷം രൂപയില്‍ നിന്നും അഞ്ചു കോടിയിലേക്ക് സ്വത്ത് വര്‍ദ്ധിച്ചതിന്റെ സ്രോതസും മന്ത്രിയുടെ മറ്റ് ഇടപാടുകളും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ബിനു ചുള്ളിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.