- ബംഗളൂരു 2
- ചെന്നൈയൻ 3
ബംഗളൂരു - ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ആരാധകർക്കു മുന്നിൽ കിരീടപ്രതീക്ഷകളായ ബംഗളൂരുവിനെ മുട്ടുകുത്തിച്ച് ചെന്നൈയൻ എഫ്.സി രണ്ടാം തവണ ഐ.എസ്.എൽ കിരീടമുയർത്തി. ഒമ്പതാം മിനിറ്റിൽ തന്നെ ലീഡ് നേടി ആവേശം സൃഷ്ടിച്ച ബംഗളൂരുവിനെ മെയ്ൽസൻ ആൽവിസിന്റെ ഇരട്ട ഗോളിൽ ചെന്നൈയൻ 3-2 ന് തോൽപിച്ചു. കന്നി ഐ.എസ്.എല്ലിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തോടെ കുതിച്ച ബംഗളൂരുവിന് ഇത് ട്രോഫികളില്ലാത്ത ആദ്യ സീസണാവും. എ.ടി.കെ മാത്രമാണ് ഇതുവരെ രണ്ടു തവണ ഐ.എസ്.എൽ ചാമ്പ്യന്മാരായത്.
ഫൈനലിന്റെ ആവേശം കണ്ട പോരാട്ടത്തിൽ 17, 45 മിനിറ്റുകളിലാണ് ഡിഫന്റർ ആൽവെസ് സ്‌കോർ ചെയ്തത്. അറുപത്തേഴാം മിനിറ്റിൽ റഫായേൽ അഗസ്റ്റൊ മൂന്നാം ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ ഗോളടിച്ച് മികു ബംഗളൂരുവിന് പ്രതീക്ഷ നൽകിയെങ്കിലും കളി എസ്ട്രാ ടൈമിലേക്ക് നീട്ടാനുള്ള ഒരു ഗോൾ കൂടി അവർക്ക് കണ്ടെത്താനായില്ല.
തുടക്കത്തിൽ ബംഗളൂരുവാണ് ആക്രമിച്ചത്. മികുവിന്റെ ത്രൂബോളുമായി കുതിച്ച ഉദാന്ത സിംഗ് വലതു വിംഗിൽ നിന്ന് താഴ്ത്തിപ്പറത്തിയ ക്രോസ് ഡൈവിംഗ് ഹെഡറിലൂടെ ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിലെത്തിച്ചു.
പതിനേഴാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നായിരുന്നു ചെന്നൈയന്റെ മറുപടി ഗോൾ. ഗ്രിഗറി നെൽസന്റെ കിക്ക് ആൽവെസ് ഹെഡ് ചെയ്തത് ഡൈവ് ചെയ്ത ഗുർപ്രീത് സിംഗ് സന്ധുവിന് തടുക്കാനായില്ല.
മുപ്പതാം മിനിറ്റിൽ ബംഗളൂരുവിന്റെ ദിമാസ് ഡെൽഗാഡോയുടെ മനോഹരമായ ഷോട്ട് ഗോൾലൈനിൽ ഇനിഗൊ കാൾഡറോൺ രക്ഷിച്ചു. ചെന്നൈയൻ പ്രതിരോധം ഉറച്ചുനിന്നതോടെ ലോംഗ്‌ബോളുകൾ കളിക്കാൻ ബംഗളൂരു നിർബന്ധിതമായി. ഇടവേളക്ക് അൽപം മുമ്പ് അപ്രതീക്ഷിതമായി ചെന്നൈയൻ ആതിഥേയരെ ഞെട്ടിച്ചു. ആദ്യ ഗോളിന്റെ തനിയാവർത്തനമായിരുന്നു ഇത്. നെൽസന്റെ ഫ്രീകിക്ക് ആൽവെസ് വലയിലേക്ക് ഹെഡ് ചെയ്തപ്പോൾ സ്റ്റേഡിയം നിശ്ശബ്ദമായി.
പ്രത്യാക്രമണത്തിൽ നിന്നായിരുന്നു ചെന്നൈയന്റെ മൂന്നാം ഗോൾ. ജെജെ ലാൽപെഖ്‌ലുവയുടെ പാസ് ബോക്‌സിനു മുന്നിൽ പിടിച്ച അഗസ്റ്റൊ മനോഹരമായി പന്ത് വലയിലേക്ക് വളച്ചുവിട്ടു.
പിന്നീട് ബംഗളൂരു ആഞ്ഞടിച്ചു. ഛേത്രിയുടെ ഹെഡർ ഗോളി കരൺജിത് സിംഗിന്റെ വിരൽതലപ്പിൽ തട്ടിത്തിരിഞ്ഞു. എൺപത്താറാം മിനിറ്റിൽ തുറന്ന അവസരം ഛേത്രി തുലച്ചു. ഉദാന്തയുടെ ക്രോസിൽ നിന്ന് മികു ബംഗളൂരുവിന്റെ രണ്ടാം ഗോളടിച്ചെങ്കിലും ചെന്നൈയൻ പ്രതിരോധം പിന്നീട് ഉറച്ചുനിന്നു. മൂന്നാമത്തെ ഐ.എസ്.എൽ ഫൈനൽ കളിക്കുന്ന ചെന്നൈയന്റെ മലയാളി താരം മുഹമ്മദ് റാഫി റിസർവ് ബെഞ്ചിലായിരുന്നു.