ജിദ്ദ- ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അറാംകോ എണ്ണ സംഭരണ കേന്ദ്രത്തിലെ രണ്ട് ടാങ്കുകള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി അറബ് സഖ്യസേന അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
എണ്ണ വ്യവസായ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ രൂക്ഷമാക്കുന്നതിലൂടെ ആഗോള തലത്തില്‍ ഊര്‍ജ സുരക്ഷയിലും ലോക സമ്പദ്‌വ്യവസ്ഥയുടെ നാഡീവ്യൂഹത്തിലും സ്വാധീനം ചെലുത്താനാണ് ഹൂത്തികള്‍ ശ്രമിക്കുന്നത്. ഇന്ധന വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം ജിദ്ദയില്‍ ജനജീവിതത്തെ യാതൊരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ജിദ്ദയില്‍ സൗദി അറാംകൊ ഇന്ധന വിതരണ കേന്ദ്രത്തില്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ആകാശംമുട്ടെ ഉയര്‍ന്നുപൊങ്ങിയ കനത്ത പുകപടലം ഏറെ ദൂരെ നിന്നുവരെ കാണാമായിരുന്നു.
ഹൂത്തികളുടെ 16 ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കിയതായും സഖ്യസേന പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ വേണ്ടി തങ്ങള്‍ സംയമനം പാലിക്കുകയാണ്. ആക്രമണങ്ങള്‍ തുടരുന്നതിനെതിരെ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. സഖ്യസേനയുടെ ക്ഷമ ഹൂത്തികള്‍ പരീക്ഷിക്കരുതെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വാംതയില്‍ വൈദ്യുതി വിതരണ നിലയത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ വൈത്യുതി സ്തംഭിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാര്‍ തീവ്രശ്രമം തുടരുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഷെല്‍ പതിച്ച് വൈദ്യുതി വിതരണ നിലയത്തില്‍ അഗ്നിബാധയുണ്ടായി. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല.
അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജനൂബില്‍ ദേശീയ ജല കമ്പനി വാട്ടര്‍ ടാങ്കുകള്‍ക്കു നേരെയും ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ടാങ്കുകളില്‍ ജല ചോര്‍ച്ചയുണ്ടായി. സമീപത്തെ ഏതാനും വീടുകള്‍ക്കും സിവിലിയന്‍ വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും സഖ്യസേന അറിയിച്ചു.
വിവിധ പ്രവിശ്യകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെ തൊടുത്തുവിട്ട ആറു ഡ്രോണുകളും പിന്നീട് മൂന്നു ഡ്രോണുകളും സൗദി സൈന്യം തകര്‍ത്തു. വൈകീട്ട് നജ്‌റാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മൂന്നു ഡ്രോണുകളും സൗദി സൈന്യം തകര്‍ത്തു. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ നജ്‌റാനില്‍ ജനവാസ കേന്ദ്രങ്ങളില്‍ ചിതറിത്തെറിച്ചു. ഇവ പതിച്ച് ചില നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്തവിട്ട ഒരു ബാലിസ്റ്റിക് മിസൈലും സൗദി സൈന്യം ഇന്നലെ തകര്‍ത്തു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സഖ്യസേന പുറത്തുവിട്ടു.
ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണുകളാണ് സൗദി സൈന്യം വെടിവെച്ചിട്ടത്. യെമന്‍ സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കുമെന്നും സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താനാണ് ഹൂത്തികള്‍ ശ്രമിക്കുന്നതെന്നും സഖ്യസേന പറഞ്ഞു.
ജിദ്ദയില്‍ അറാംകൊ ഇന്ധന വിതരണ കേന്ദ്രത്തിനു നേരെ ഈ മാസം 20 നും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. അന്നും ഇന്ധന വിതരണ കേന്ദ്രത്തില്‍ അഗ്നിബാധയുണ്ടായിരുന്നു. ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ശുഖൈഖിലെ സമുദ്രജല ശുദ്ധീകരണ ശാലക്കും ദഹ്‌റാന്‍ അല്‍ജനൂബിലെ വൈദ്യുതി വിതരണ നിലയത്തിനും ഖമീസ് മുശൈത്തിത്തില്‍ ഗ്യാസ്‌കോ കമ്പനിക്കു കീഴിലെ ഗ്യാസ് പ്ലാന്റിനും യാമ്പുവില്‍ അറാംകൊ ദ്രവീകൃത ഗ്യാസ് പ്ലാന്റിനും നേരെയും അന്ന് ആക്രമണങ്ങളുണ്ടായിരുന്നു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും ഇറാന്‍ നിര്‍മിത ക്രൂസ് മിസൈലുകളും ഉപയോഗിച്ചാണ് ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് സഖ്യസേന അറിയിച്ചിരുന്നു.
#Breaking | A few minutes ago, the Houthis attacked Jeddah and hit Aramco’s petroleum facilities in Jeddah, west Saudi Arabia, a loud explosion was heard and a fire broke out. pic.twitter.com/IW0nivmxVt
— WorldNews IL (@WorldNewsIL) March 25, 2022