തിരുവനന്തപുരം- നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളി എത്ര വലിയവനായാലും ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നു കഥാകൃത്ത് ടി.പത്മനാഭന്‍.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവൃത്തി ചെയ്തവര്‍ക്ക് അധികകാലം താര ചക്രവര്‍ത്തിമാരായി വാഴാനാകില്ല. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ. അതിജീവിതയായ നടിയുടെ മേളയിലെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടത്. രാജ്യാന്തര ചല ച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിദ്ധ്യം മാത്രമല്ല അതിജീവിതയ്ക്ക് ലഭിച്ച കൈയടിയാണ് തന്നെ അത്ഭുതപ്പെടുത്തിയത്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വിട്ടില്ലെങ്കില്‍ ജനം ഈ സര്‍ക്കാരിനോട് പൊറുക്കില്ല. കാലം മാപ്പു നല്‍കില്ല. സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോ ര്‍ട്ട് പുറത്തു വിടണം. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാ തെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഇല്ലെങ്കില്‍ ഭാവി കേരളം സര്‍ക്കാരിന് മാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുളള നിയമനിര്‍മാണം നടക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി. ടി.പത്മനാഭന്റെ അഭ്യര്‍ഥന പോലെ ഉടന്‍ ആ നിയമം നിയമസഭ യില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.