റിയാദ് - സൗദിയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. സൗദിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്ത പത്തു ഡ്രോണുകളും ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈലും സൗദി സൈന്യം തകര്‍ത്തു. ഹൂത്തികളുടെ ആക്രമണ ശ്രമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും തങ്ങള്‍ ഇപ്പോഴും സംയമനം പാലിക്കുകയാണെന്നും സഖ്യസേന പറഞ്ഞു. ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വാംതയില്‍ വൈദ്യുതി വിതരണ നിലയത്തിനു നേരെ ഹൂത്തികള്‍ ഷെല്ലാക്രമണവും നടത്തി. ഷെല്‍ പതിച്ച് വൈദ്യുതി വിതരണ നിലയത്തില്‍ അഗ്നിബാധയുണ്ടായി. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല.
പുലര്‍ച്ചെ ആറു ഡ്രോണുകളും പിന്നീട് മൂന്നു ഡ്രോണുകളുമാണ് സൗദി സൈന്യം തകര്‍ത്തത്. വൈകീട്ട് നജ്‌റാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു ഡ്രോണും സൗദി സൈന്യം തകര്‍ത്തു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സഖ്യസേന പുറത്തുവിട്ടു.
ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണുകളാണ് സൗദി സൈന്യം വെടിവെച്ചിട്ടത്. യെമന്‍ സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കുമെന്നും സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താനാണ് ഹൂത്തികള്‍ ശ്രമിക്കുന്നതെന്നും സഖ്യസേന പറഞ്ഞു.
.