ട്രെയിനിലെ പീഡനം: പുറത്തിറങ്ങാന്‍ വയ്യാതായെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയം- രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍വെച്ച് അപമാനിച്ചെന്ന ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷയുടെ ആരോപണത്തില്‍ തന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്. 
ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍  ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആരാണു പ്രതിയെന്ന് പറയുന്നില്ലെങ്കിലും തന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുമെന്നും ഷോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇപ്പോള്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എല്ലായിടത്തും. തനിക്കെതിരെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ താനാണ് പീഡിപ്പിച്ചതെങ്കില്‍ തുറന്നു പറയാന്‍ നിഷ തയാറാകണം.
തന്നെ പീഡിപ്പിച്ചത് ജോസ് കെ.മാണിയാണെന്നു പറയാനുള്ള മര്യാദ സരിത കാട്ടിയിരുന്നു. ഇതേ മര്യാദ നിഷയും കാണിക്കണം.  
അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മോശമായി പെരുമാറാന്‍ മാത്രം മോശക്കാരനല്ല താന്‍. അമ്മയ്ക്ക് 55 വയസ്സും ഇവര്‍ക്ക്  52 വയസ്സുമാണ് പ്രായം.  ട്രെയിനില്‍വെച്ച് അപമാനിച്ച വ്യക്തി താനല്ലെന്നു പറയുന്നതുവരെ വെറുതെയിരിക്കില്ല. ഇതു മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ്. ഒന്നുകില്‍ അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രം. അല്ലെങ്കില്‍ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ തിരിച്ചുവെക്കുന്നു- ഷോണ്‍ കുറ്റപ്പെടുത്തി. 
നിഷ ജോസ് കെ. മാണിയോടൊപ്പം ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ സമ്മതിച്ചു. കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കായിരുന്നു ആ യാത്ര. തനിക്കൊപ്പം സി.പി.എമ്മിലെ ചില നേതാക്കളുമുണ്ടായിരുന്നു. നിഷയോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചും ട്രെയിനില്‍വച്ചും സംസാരിച്ചിരുന്നു. ഏതോ ബിസിനസ് മീറ്റിനു വന്നതാണെന്നാണ് പറഞ്ഞത്. കോട്ടയത്ത് എത്തിയപ്പോള്‍ എന്നെ കൂട്ടാന്‍ വന്ന വ്യക്തിയെ പരിചയപ്പെടുത്തി. കൊണ്ടുപോയി വിടണോ എന്നു ചോദിച്ചു. വേണ്ടെന്നു പറയുകയും ചെയ്തു. ഇതാണ് അന്നു സംഭവിച്ചത്- ഷോണ്‍ വിശദീകരിച്ചു.
ഒരു എംപിയുടെ ഭാര്യയും കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ കെ.എം. മാണിയുടെ മരുമകളുമായിട്ടും ഇത്തരമൊരു സംഭവമുണ്ടായിട്ട് അവര്‍ പ്രതികരിക്കാതിരുന്നത് തെറ്റാണെന്നും ഷോണ്‍ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍  പിന്നെ എന്താണ് സാമൂഹ്യ പ്രവര്‍ത്തനം.ആത്മാഭിമാനമുള്ള ഏതെങ്കിലും ഒരാളുടെ ഭാര്യക്കാണ് ഈ അനുഭവമുണ്ടായതെങ്കില്‍ മോശമായി പെരുമാറിയവന്റെ കാലു തല്ലിയൊടിക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങുമോ? ഇത്തരമൊരു സംഭവമുണ്ടായിട്ടും പ്രതികരിക്കാത്ത എം.പി ഒരു ആണാണോയെന്നും ഷോണ്‍ ചോദിച്ചു.

Latest News