ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് പുതിയ നിയമസഭകളുടെ രൂപീകരണത്തിനു പോലും കാത്തുനിൽക്കാതെ മോഡി സർക്കാരും എണ്ണ വിതരണക്കമ്പനികളും ജനങ്ങളെ കൊള്ളയടിക്കാനുള്ള ഏകോപിത പ്രവർത്തനത്തിന് തുടക്കമിട്ടു കഴിഞ്ഞു.
പെട്രോളിനും ഡീസലിനും ലിറ്ററിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തുടർച്ചയായി 80 പൈസയിലധികം വില ഉയർത്തിയാണ് നെറികേടിനു തുടക്കമിട്ടിരിക്കുന്നത്. പാചകവാതക വില ഒറ്റയടിക്ക് 50 രൂപ കണ്ടാണ് ഉയർത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കെടുതികളിൽനിന്നും കരകയറിട്ടില്ലാത്ത സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും കുടുംബങ്ങൾക്ക് വിവരണാതീതമായ ദുരിതമാണ് അത് വരുത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ നാലു മുതൽ 137 ദിവസക്കാലത്തേക്ക് മരവിപ്പിച്ചിരുന്ന വിലകളാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്. ആ മരവിപ്പിക്കൽ കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന 'സ്വതന്ത്ര വിപണി' എന്ന യുക്തിയുടെ പൊള്ളത്തരമാണ് തുറന്നുകാണിക്കുന്നതും. വിലകൾ മരവിപ്പിച്ചിരുന്ന നാലു മാസക്കാലത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഏതാണ്ട് 30 ഡോളറിൽ അധികം ഉയർന്നിരുന്നു. അക്കാലത്തു് ലോകവിപണിക്ക് അനുസൃതമായി എണ്ണ വില ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാവും എന്ന രാഷ്ട്രീയ ബോധ്യത്തിന്റെ ഫലമായിരുന്നു ആ മരവിപ്പിക്കൽ നടപടി. അത് തികഞ്ഞ രാഷ്ട്രീയ കാപട്യവും ജനവഞ്ചനയും അല്ലാതെ മറ്റെന്താണ്? അന്താരാഷ്ട്ര വിപണി വിലയ്ക്ക് അനുസൃതമായി എണ്ണ വില ഉപഭോക്താവിൽനിന്നും ഈടാക്കാൻ ചില്ലറ വില 15, 20 രൂപകണ്ട് ഇനിയും ഉയർത്തേണ്ടതുണ്ട് എന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. സ്വതന്ത്ര വിപണിയുടെ വക്താക്കളായ മോഡി സർക്കാർ അതിൽനിന്നും പിന്തിരിയും എന്നു കരുതാൻ ന്യായമില്ല. അത് മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം അസഹ്യമാക്കി മാറ്റും.
സ്വതന്ത്ര വിപണിയുടെ പേരിൽ എണ്ണക്കമ്പനികളും സർക്കാരും നടത്തിവരുന്നത് തികഞ്ഞ പകൽക്കൊള്ളയാണ്. ഉപഭോക്താക്കളിൽ നിന്നും ഈടാക്കിവരുന്ന എണ്ണ വിലയുടെ ഏതാണ്ട് അമ്പത് ശതമാനവും എക്‌സൈസ് തീരുവ, മൂല്യവർധിത നികുതി, വിവിധ സെസുകൾ, ഡീലർ കമ്മീഷൻ എന്നീ ഇനങ്ങളിലാണ്. പൗരന്മാരുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചൂഷണം ചെയ്തു നികുതി വരുമാനം ഉറപ്പാക്കുകയാണ് മോഡി സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് എണ്ണയിൽനിന്നും ലഭിക്കുന്ന പരോക്ഷ നികുതിയാണ്. രാജ്യത്തെ അതിസമ്പന്നരിൽനിന്നും കോർപറേറ്റുകളിൽനിന്നും പ്രത്യക്ഷ നികുതി ഈടാക്കി വരുമാനം ഉറപ്പു വരുത്തുന്നതിനു പകരം പൊതുജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും നികുതി ഇളവുകൾ വാരിക്കോരി നൽകുന്ന സർക്കാരിന്റെ സ്വതന്ത്ര വിപണി യുക്തി കൊടിയ രാഷ്ട്രീയ വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി വില മരവിപ്പിക്കുന്നവർ അധികാരം ഉറപ്പിച്ചു കഴിഞ്ഞാൽ തങ്ങളെ അധികാരത്തിലേറ്റിയ ജനതയെ എണ്ണ വിതരണക്കമ്പനികളുടെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്നു. എണ്ണ വിതരണക്കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകളിൽ പ്രമുഖ സാമ്പത്തിക വിദഗ്ധർ പോലും സംശയം ഉന്നയിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണ ശുദ്ധീകരണ, വിതരണക്കമ്പനികളുടെ താൽപര്യത്തേക്കാൾ ഉപരി, അംബാനിയടക്കം തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ഭരണകൂട വ്യഗ്രത.
കഴിഞ്ഞ നവംബറിൽ എണ്ണവില വർധന മരവിപ്പിക്കുമ്പോൾ ലോകവിപണിയിൽ ഒരു വീപ്പ അസംസ്‌കൃത എണ്ണക്ക് 82 ഡോളർ വില ഉണ്ടായിരുന്നത് ഇപ്പോൾ റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 120 ഡോളർ കവിഞ്ഞിരിക്കുന്നു. അത് ഇനിയും ഉയരുമെന്നാണ് പ്രവചനം.
എണ്ണ വിലയുടെ കുതിപ്പ് അനിയന്ത്രിത വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെയും കേരളത്തെയും നയിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾക്കും പച്ചക്കറിയടക്കം മറ്റെല്ലാ നിത്യോപയോഗ സാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിലെ ജനജീവിതം ദുരിതപൂർണമായി മാറും. ബസ്, ടാക്‌സി, ഓട്ടോ കൂലിവർധനക്കു വേണ്ടി ഇതിനകം മുറവിളി ഉയർന്നുകഴിഞ്ഞു. അതിനു അവരെ കുറ്റപ്പെടുത്താൻ ആവില്ല. വിലകളും യാത്രയടക്കം ജീവിതച്ചെലവുകളും നിയന്ത്രിക്കാൻ എണ്ണ വില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾക്ക് തയാറാവണം. ജീവിത ദുരിതങ്ങൾ രാഷ്ട്രീയ അസ്വസ്ഥതകൾക്കും പൊട്ടിത്തെറികൾക്കും കാരണമാവാതെ നോക്കാൻ ഭരണകൂടങ്ങൾക്കുള്ള ഉത്തരവാദിത്തം വിസ്മരിക്കാൻ അനുവദിച്ചുകൂടാ. ജനങ്ങളെ വിലക്കയറ്റത്തിൽ വീർപ്പ്മുട്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഇനിയുയരേണ്ടത്.