ഇന്ത്യയിൽ ഇന്ധന വിലവർധന വരുന്നത് ആഗോള എണ്ണ വിലയുടെ അടിസ്ഥാനത്തിലല്ല, തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞത് ആരായാലും അതിൽ വസ്തുത ഇല്ലാതില്ല. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ അധികാര ഭാരം ചുമപ്പിക്കുന്നത് അത്ര നല്ലതല്ലാത്തതിനാൽ ഒരു രാഷ്ട്രീയ കക്ഷിയും വേദനിപ്പിക്കുന്ന തീരുമാനങ്ങളെടുക്കില്ല. പകരം, ജനങ്ങളുടെ കൈയടി നേടാൻ ഉതകുന്ന പ്രഖ്യാപനങ്ങൾ നടത്താനേ മുതിരൂ. പണിതീരാത്ത പാലങ്ങളും വിമാനത്താവളവും ഒക്കെ അവർ ഉദ്ഘാടനം ചെയ്യും. വികസന പദ്ധതികൾ തുരുതുരാ പ്രഖ്യാപിക്കും. കുളിരു കോരുന്ന വാഗ്ദാനങ്ങൾ നൽകും. ജനങ്ങളെ അകറ്റുന്നതൊന്നും ചെയ്യില്ലെന്നത് സ്വാഭാവികം മാത്രം.
തെരഞ്ഞെടുപ്പ് അടുക്കാറാകുന്ന വർഷങ്ങളിൽ ഇത് ചെയ്യണമെന്നതിനാൽ അധികാരത്തിലേറിയ തൊട്ടുടനെയാണ് പല സർക്കാരുകളും 'മൃഗീയ' നടപടികൾക്ക് മുതിരുന്നത്. അതിനാൽ തന്നെ ഇന്ധനവില കൂട്ടാൻ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര സർക്കാർ കാത്തിരുന്നതിൽ അസാധാരണമായി ഒന്നുമില്ല. സാങ്കേതികമായി പറയുകയാണെങ്കിൽ കേന്ദ്ര സർക്കാരല്ല, എണ്ണ കമ്പനികളാണ് വില കൂട്ടുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് കാലം വരുമ്പോളവർ സർക്കാരിന്റെ അനുവാദത്തിനായി കാത്തിരിക്കും.
ഉക്രൈൻ യുദ്ധം മൂലം എണ്ണ വില കുതിച്ചുകയറിയിട്ടും ലോകമെങ്ങും വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിട്ടും ഇന്ത്യ കുലുങ്ങാതെ പിടിച്ചുനിന്നു. കാരണം തെരഞ്ഞെടുപ്പായിരുന്നു. വില കൂട്ടിയാൽ ജനം തിരിഞ്ഞു കുത്തും. വൻതോതിലുള്ള വിലക്കയറ്റം അന്നു തന്നെ പ്രതീക്ഷിക്കുന്നുണ്ട് ജനം. ഇപ്പോൾ പടിപടിയായി, വർധന വന്നു തുടങ്ങി. ഇത് എത്രവരെ ചെന്നുനിൽക്കുമെന്നാണ് എല്ലാവരും നോക്കുന്നത്. എണ്ണവില ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ താഴേത്തട്ടിൽ ജനങ്ങളും മുകളിൽ സർക്കാരും അനുഭവിച്ചേ മതിയാകൂ. ശ്രീലങ്കയെപ്പോലെ പല രാജ്യങ്ങളും പാപ്പരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് മുന്നിൽ.
137 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ചൊവ്വാഴ്ച എണ്ണവില വർധന പ്രാബല്യത്തിൽ വന്നത്. ലിറ്ററിന് 80 പൈസ വെച്ചാണ് കൂട്ടിയത്. ബുധനാഴ്ചയും ഇതേ നിരക്കിൽ വീണ്ടും വർധന. ഗൃഹോപയോഗത്തിനുള്ള പാചകവാതകത്തിന് 50 രൂപയും കൂട്ടി. വരും ദിവസങ്ങളിലും ഇത്തരം വില വർധന പ്രതീക്ഷിക്കാം. തുടർച്ചയായുള്ള വർധനയിലൂടെ എത്രവരെ ചെല്ലുമെന്നാണ് ജനം ആശങ്കപ്പെടുന്നത്. ആഗോള കമ്പനികളും രാജ്യങ്ങളും എണ്ണ ഉൽപാദനം വർധിപ്പിച്ചതിനാൽ വില നിലവാരം അൽപം പിടിച്ചുനിർത്താനായി എന്നുള്ളത് ഒരുപക്ഷേ ആശ്വാസം പകർന്നേക്കാം.
2021 നവംബറിൽ ദീപാവലി വേളയിൽ പെട്രോളിനും ഡീസലിനും ഏതാനും പൈസ കുറച്ചിരുന്നു. അതിന് ശേഷം വില ഇതുവരെ അതേപോലെ തുടരുകയായിരുന്നു. ആഗോള ക്രൂഡോയിൽ വില ഗണ്യമായി കുതിച്ചിട്ടും തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര സർക്കാർ കടിച്ചുപിടിച്ചു. നവംബർ നാലിന് ബാരലിന് 73 ഡോളർ ആയിരുന്ന ക്രൂഡോയിൽ വില ആദ്യം 130 വരെയെത്തുകയും ഇപ്പോൾ 110 ലേക്ക് താഴ്ന്നുനിൽക്കുകയുമാണ്. സാധാരണ ഗതിയിൽ എണ്ണ കമ്പനികൾ ഈ വില മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പ്രതിദിന നിരക്ക് നിശ്ചയിക്കേണ്ടതായിരുന്നു. കഴിഞ്ഞ 15 ദിവസത്തെ എണ്ണ വിലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ എണ്ണ കമ്പനികൾ വില കൂട്ടുകയോ കുറക്കുകയോ ഒക്കെ ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പൂർണമായും വിട്ടുനിന്നതോടെ കമ്പനികൾക്ക് വില നിശ്ചയിക്കാൻ സാധ്യമല്ലാതായി. അതായത്, എണ്ണ വില പിടിച്ചുനിർത്തണമെന്ന വിധത്തിൽ യാതൊരു നിർദേശവും സർക്കാർ നൽകിയിരുന്നില്ല. ഇറക്കുമതിയിലൂടെ മാത്രം ആവശ്യം പൂർത്തീകരിക്കാൻ കഴിയുന്ന ഒരു ഉൽപന്നത്തിന് അന്താരാഷ്ട്ര വിലയിൽ അമ്പത് ശതമാനം വിലവർധയുണ്ടായിട്ടും ചില്ലറ വിലയിൽ മാറ്റം വരുത്താതിരിക്കുക എന്നത് അസാധാരണ പ്രതിഭാസമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് രണ്ടർഥങ്ങളുണ്ട്. ഒന്ന്: ഉക്രൈൻ അധിനിവേശം തുടങ്ങുന്നതിന് മുമ്പ് തന്നെ അന്നത്തെ വിലയിൽ വാങ്ങിക്കൂട്ടിയ എണ്ണശേഖരം കമ്പനികൾക്കുണ്ട്. അതിനാൽ പെട്ടെന്നൊരു ക്ഷാമം ബാധിക്കില്ല. രണ്ട്, ഇപ്പോൾ ജനങ്ങളിൽനിന്ന് ഈടാക്കുന്ന വില തന്നെ, ആഗോള വിലയിലുണ്ടായ വൻ കുതിച്ചുചാട്ടം മറികടക്കാൻ പര്യാപ്തമാണ്. അതായത് ഇപ്പോൾ തന്നെ സാധാരണക്കാരെ വലിയ തോതിൽ പിഴിയുകയാണ് സർക്കാരിന്റെ മൗനാനുവാദത്തോടെ എണ്ണ കമ്പനികൾ. എങ്ങനെ നോക്കിയാലും രണ്ടാമത്തെ നിരീക്ഷണത്തിനാണ് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റതോടെ പടിപടിയായി വില കൂട്ടാൻ പൊതുമേഖലാ എണ്ണ കമ്പനികൾ ആരംഭിച്ചു. സ്വകാര്യ മേഖലക്കും അതൊരു വഴികാട്ടിയായി. ഇതേ അഞ്ചു സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ എണ്ണ വില പിടിച്ചുനിർത്തിയിരുന്നു.
തെരഞ്ഞെടുപ്പ് താൽപര്യങ്ങൾക്കായി സ്വതന്ത്ര വിപണി വിലയിൽ കൈവെക്കുന്ന പ്രവണത കുറച്ചുകാലമായി തുടരുന്നതാണ്. കൃത്യമായി പറഞ്ഞാൽ എണ്ണവില നിർണയത്തിൽനിന്ന് സർക്കാർ പൂർണമായും പിൻമാറുകയും ആഗോള വിലക്കനുസരിച്ച് വില മാറ്റി നിശ്ചയിക്കാവുന്ന ഒരു റെഗുലേറ്ററി സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതിന് ശേഷം മുതൽ തന്നെ. അതായത്, രാഷ്ട്രീയമായ അനീതിയും സാമ്പത്തികമായ ശരിയില്ലായ്മയുമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഭരണകൂടത്തിന്റെ ഇംഗിതം ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുന്ന രീതികളിലൊന്നാണത്. എണ്ണവില കൂടുന്നില്ല എന്ന നല്ല വാർത്ത ഭരണകക്ഷിക്കാണ് ഗുണം ചെയ്യുക. എണ്ണ വില കുറക്കാനോ, അതിൽ ഇടപെടാനോ ഭരണക്കാർക്കല്ലാതെ പറ്റില്ലെന്നതിനാലാണ് ഇതിൽ രാഷ്ട്രീയമായ അനീതിയുണ്ടെന്ന് പറയുന്നത്. എണ്ണ വില കുറച്ചാലോ, നിയന്ത്രിച്ചാലോ അതിൻമേലുള്ള അവകാശവാദം ഭരണകക്ഷിക്ക് മാത്രമാണ്, അവിടെ ആഗോള വിലയോ, ആഗോള രാഷ്ട്രീയമോ വിഷയമാകുന്നില്ല.
ആഗോള വിലയും റീട്ടെയിൽ വിതരണ വിലയും തമ്മിലുള്ള വ്യത്യാസം കുറക്കുന്നതിന് ഇനിയും ഇന്ധന വിലയിൽ വർധനയുണ്ടാകുമെന്നുറപ്പാണ്. അത് എത്ര ദിവസം ഇടവിട്ടായിരിക്കുമെന്നത് മാത്രമേ ചിന്തിക്കാനുള്ളൂ.
പണപ്പെരുപ്പം ഇപ്പോൾ തന്നെ വലിയ തോതിലായിക്കഴിഞ്ഞു. ഇത് ഇനിയും വർധിക്കുകയും നികുതി വെട്ടിക്കുറക്കൽ അടക്കമുള്ള നടപടികൾക്ക് സർക്കാർ നിർബന്ധിതമാകുകയും ചെയ്യും. വാസ്തവത്തിൽ കൂടുതൽ വലിയ പ്രതിസന്ധി എണ്ണക്കമ്പനികൾക്ക് വരാനിരിക്കുന്നേയുള്ളൂ. വില നിർണയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിനനുസരിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന നിലയാണെങ്കിൽ വിൽപനക്ക് വെച്ചിരിക്കുന്ന ഭാരത് പെട്രോളിയം കോർപറേഷൻ എന്ന കമ്പനി വാങ്ങാൻ ആഗോള വ്യവസായികളാരും താൽപര്യം കാണിക്കില്ല. ഇത് ഒരു ഉദാഹരണം മാത്രം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എല്ലാവർക്കും തുല്യാവസരം എന്ന സങ്കൽപത്തെ അട്ടിമറിക്കുന്നതാണ് ഇന്ധന വിലയിൽ പിടിച്ചുകൊണ്ടുള്ള സർക്കാരിന്റെ കളി. നിശ്ചയമായും അവിടെ ഭരണകക്ഷിക്ക് അനുകൂലമായ ഒരു അവസരം സൃഷ്ടിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം മാത്രമേ പ്രതിപക്ഷത്തിന് കിട്ടുന്നുള്ളൂ. വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ അതിൽ കാര്യമില്ലതാനും. അതിനാൽ തന്നെ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ധന വിലനിർണയം സാധാരണക്കാരെ ബാധിക്കുന്ന ഏറ്റവും ഗുരുതര പ്രശ്‌നമായതിനാൽ, അതിനിടയാക്കുന്നവരുടെ താൽപര്യങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെങ്കിൽ ഇടപെടൽ അനിവാര്യമാണ്. ഇല്ലെങ്കിൽ ഓരോ തെരഞ്ഞെടുപ്പും സാധാരണ വോട്ടറെ സംബന്ധിച്ച് ഒരു കബളിപ്പിക്കൽ പ്രക്രിയ മാത്രമായി മാറും.