മലപ്പുറം- എം.പി ഫണ്ടിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് ആരോഗ്യ വകുപ്പ് വാങ്ങിയ മലപ്പുറം ജില്ലയിലെ ആദ്യ അത്യാധുനിക ആംബുലൻസ് കണ്ട് ഉൽഘാടകനായ രാജ്യസഭാ എം.പി പി.വി അബദുൽ വഹാബ് ഞെട്ടി. വെറും ഒരു ആംബുലൻസ്. അത്യാധുനിക സൗകര്യങ്ങളോ ഐ സി യു യൂണിറ്റോ ജീവനക്കാരോ ഇല്ല. ഒടുവിൽ ഈ ആംബുലൻസ് പദ്ധതി ഉൽഘാടനം ചെയ്യുന്നില്ലെന്നും ഉൽഘാടന വേദിയിൽ വച്ചു തന്നെ വഹാബ് പരസ്യമായി പ്രഖ്യാപിച്ചു.
തന്റെ പേരിലുള്ള എംപി ഫണ്ട് ഉപയോഗിച്ച് നാമമാത്ര സൗകര്യങ്ങളുള്ള ആംബുലൻസ് അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസെന്ന് പേരിൽ ഉദ്ഘാടനം ചെയ്യാൻ തയാറല്ല. ഏതെങ്കിലും ഒരു രോഗി അത്യാധുനിക ആംബുലൻസ് ഉണ്ടെന്നറിഞ്ഞ് സേവനം തേടി വന്നാൽ ഇത് അവരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സൗകര്യങ്ങളും ജീവനക്കാരുമുള്ള ആംബുലൻസ് എത്തിച്ചാൽ ഈ പദ്ധതിയുടെ ഉൽഘാടനം ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. എംപിയുടെ സ്വന്തം നാടായ നിലമ്പൂരിലെ ജില്ലാ ആശുപത്രിക്ക് വേണ്ടി എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ മറ്റൊരു ആംബുലൻസ് അദ്ദേഹം ഉൽഘാടനം ചെയ്തു.
രണ്ടു വർഷം മുമ്പാണ് നിലമ്പൂർ ജില്ലാ ആശുപത്രിക്കുവേണ്ടി ജില്ലയിലെ ആദ്യ അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് നിരത്തിലിറക്കാൻ എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ വിവിധ വകുപ്പുകളിലെ നൂലാമാലകളിൽ കുടുങ്ങിക്കിടന്ന പദ്ധതി ഈയിടെയാണ് ഉൽഘാടനത്തിനൊരുങ്ങി എന്നറിയിച്ച് ആരോഗ്യ വകുപ്പ് എം.പി ക്ഷണിച്ചത്. എന്നാൽ ആംബുലൻസ് വാങ്ങിയിട്ടുണ്ടെങ്കിലും അതിൽ ഐ.സി.യു അടക്കമുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് എം.പി അറിഞ്ഞത് വൈകിയാണ്. ഈ സൗകര്യങ്ങളൊരുക്കുന്നതിന് വിവിധ വകുപ്പുകൾ കനിയേണ്ടിയിരുന്നു. ഇതാണ് കാലതമാസത്തിനിടയാക്കിയത്. ജില്ലാ ആരോഗ്യ വകുപ്പിന് ഈ ആംബുലൻസ് വാങ്ങാൻ അനുമതിയില്ലായിരുന്നെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു.