ജിദ്ദ - ഫോര്‍മുല-1 കാറോട്ട മത്സരം നടക്കുന്നത് പ്രമാണിച്ച് ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി.
ഫോര്‍മുല-1 ഗ്രാന്റ് പ്രി കാറോട്ട മത്സരം വീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി സൗജന്യ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അറിയിച്ചു. നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ക്കു വേണ്ടി കമ്പനി സൗജന്യ ബസ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തുക. സാപ്റ്റ്‌കോയുടെ മേല്‍നോട്ടത്തിലാണ് സൗജന്യ ബസ് സര്‍വീസ് ഒരുക്കുന്നത്.
ഷട്ടില്‍ സര്‍വീസുകള്‍ക്കു വേണ്ടി സാപ്റ്റ്‌കോ ഏതാനും ബസുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഫോര്‍മുല-1 കാറോട്ട മത്സരം നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും മൂന്നു ദിവസങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ 12 മണിക്കൂര്‍ നേരം സൗജന്യ ബസ് സര്‍വീസുകളുണ്ടാകും. ഉച്ചക്കു ശേഷം മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയാണ് ബസ് സര്‍വീസുകള്‍ നടത്തുക. ജിദ്ദയിലെ ഏറ്റവും വലിയ പരിപാടിയിലേക്ക് സന്ദര്‍ശകരുടെ നീക്കം എളുപ്പമാക്കാന്‍ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റു മുതല്‍ അബ്ദുറഹ്മാന്‍ അല്‍ദാഖില്‍ സ്ട്രീറ്റിന്റെ അവസാനം വരെയുള്ള റൂട്ടില്‍ ഒമ്പതിടങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ നിര്‍ണയിച്ചിട്ടുണ്ട്.