ആലപ്പുഴ- സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. മുന്‍നിര കാര്‍, ടയര്‍ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കളാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് സില്‍വര്‍ ലൈനുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അത് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പിക്കാര്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കെ റെയിലിന്റെ അലൈന്‍മെന്റ് മാറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞ കാര്യം കെ റെയില്‍ അധികൃതര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. വീടിന് മുകളിലൂടെ വന്ന അലൈന്‍മെന്റ് മാറ്റി എന്നാണ് പറയുന്നത്. ഇതിന്റെ സര്‍വേ നടന്ന സമയത്ത് താന്‍ എംഎല്‍എ പോലും ആയിരുന്നില്ല. സ്വകാര്യ കമ്പനി തയ്യാറാക്കിയ മാപ്പാണ് പ്രചരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ മാപ്പും കെ റെയില്‍ മാപ്പും കാണിച്ചാണ് തിരുവഞ്ചൂരിന്റെ ആരോപണം. വ്യാജ അലൈന്മെന്റാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
തെറ്റായ ആരോപണം ഉന്നയിച്ച തിരുവഞ്ചൂര്‍ മാപ്പ് പറയണം. ആരോ നല്‍കിയ വ്യാജരേഖ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ടിയിലുള്ളവരോടെങ്കിലും ചോദിക്കണമായിരുന്നു. ഏറെ ബഹുമാനമുള്ള നേതാവാണ് തിരുവഞ്ചൂര്‍. അതുകൊണ്ട് വ്യക്തിപരമായി ഒന്നും പറയുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വീട് വിട്ടുകൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. സില്‍വര്‍ലൈന്‍ അലൈന്മെന്റ് തന്റെ വീട്ടിലൂടെ വരാന്‍ ആഗ്രഹമുണ്ട്. പാലിയേറ്റീവ് കെയറിനായി വീട് വിട്ടുകൊടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.