Sorry, you need to enable JavaScript to visit this website.

കലക്ടറേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലിട്ടു, ലാത്തിച്ചാര്‍ജ്

തൃശൂര്‍ - കെ  റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടും ദല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടന്ന പോലീസ് മര്‍ദ്ദനത്തില്‍   പ്രതിഷേധിച്ചും   യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കനത്ത പോലീസ് ബന്തവസ് മറികടന്ന് കലക്ടറേറ്റ് കോമ്പൗണ്ടില്‍    കയറിയ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കെ റെയില്‍ സര്‍വ്വേ കല്ലിട്ടു. പിന്നാലെ എത്തിയ പോലീസ് കല്ല് പിഴുതു മാറ്റിയതോടെ സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. തുടര്‍ന്ന്  പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ലാത്തിവീശി ഓടിക്കുകയും ചെയ്തു.
കലക്ടറേറ്റ് വളപ്പിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിവീശി.
ഏകദേശം ഒരു മണിക്കൂറോളം കലകടറേറ്റ്   പരിസരത്ത്  സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ലാത്തി ചാര്‍ജിലും സംഘര്‍ഷത്തിലും പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തില്‍ കയറ്റിയത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
എ.സി.പി വി.കെ.രാജുവിന്റെ നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം   പ്രവര്‍ത്തകരെ  പോലീസ്  ആശുപത്രിയിലേക്ക്  മാറ്റിയതിനെ  ശേഷമാണ്  ഡി സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ നടന്ന സ്‌റ്റേഷന്‍ ഉപരോധ സമരം അവസാനിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തൃശൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നും പ്രകടനമായി ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷിന്റെ നേതൃത്വത്തില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കലക്ട്രേറ്റിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.  ഇതിനു ശേഷമായിരുന്നു പ്രതീകാത്മകമായ കല്ല് സ്ഥാപിക്കലും പോലീസ് ലാത്തിച്ചാര്‍ജും സംഘര്‍ഷവും.

 

Latest News