കണ്ണൂര്‍- റണ്‍വേയില്‍ വെച്ച് വിമാനത്തിന് തീപിടിച്ചാല്‍ എന്തു ചെയ്യണം? ഇതിനുത്തരം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ലഭിച്ചു. വിമാനത്താവളത്തില്‍ കൂറ്റന്‍ വിമാന മാതൃകയ്ക്ക് തീ കൊളുത്തിയായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ മോക് ഡ്രില്‍.
വിമാനത്തിന് തീപിടിച്ചാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു മോക്ഡ്രില്‍.
വിമാനത്താവളത്തിലെ ഫയര്‍ എന്‍ജിനുകളെത്തിച്ച് തീയണക്കുന്നതും അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സുകളില്‍ ആസ്പത്രിയിലെത്തിക്കുന്നതും ആവിഷ്‌കരിച്ചു. റണ്‍വേയില്‍വെച്ചാണ് വിമാനത്തിന് തീപിടിപ്പിച്ചത്.
ഡി.ജി.സി.എ. നിര്‍ദേശമനുസരിച്ച് രണ്ടുവര്‍ഷത്തിലൊരിക്കലാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി എയര്‍ക്രാഫ്റ്റ് എമര്‍ജന്‍സി മോക്ഡ്രില്‍ നടത്തുന്നത്. അപകടമുണ്ടായാല്‍ എത്രസമയത്തിനകം രക്ഷാപ്രവര്‍ത്തനം സാധ്യമാകുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിലയിരുത്തുക.
ജില്ലാഭരണകൂടം, പോലീസ്, അഗ്‌നിരക്ഷാസേന, എയര്‍പോര്‍ട്ട് അതോറിറ്റി, സി.ഐ.എസ്.എഫ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് , ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രില്‍ നടത്തിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മറ്റു സ്വകാര്യ ആസ്പത്രികളിലുമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി 'പരിക്കേറ്റവരെ' പ്രവേശിപ്പിച്ചത്.