റിയാദ്- സൗദി അറേബ്യയിൽ സെൻസസ് 2022 ന്റെ ആദ്യഘട്ടം പൂർത്തിയായി. താമസക്കാരുടെയും കെട്ടിടങ്ങളുടെയും വിലാസം രേഖപ്പെടുത്തുന്ന ആദ്യഘട്ടമാണ് പൂർത്തിയായതെന്നും വ്യക്തികളുടെ വിവരം ശേഖരിക്കുന്ന രണ്ടാം ഘട്ടം മെയ് 10ന് ആരംഭിക്കുമെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
ജനുവരി 26നാണ് ആദ്യഘട്ടം വിവിധ പ്രവിശ്യകളിൽ ആരംഭിച്ചത്. താമസയോഗ്യവും അല്ലാത്തതുമായ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ഈ ഘട്ടത്തിൽ പൂർത്തിയാക്കി. കെട്ടിടങ്ങൾക്കെല്ലാം നമ്പർ രേഖപ്പെടുത്തുകയും കുടുംബ നാഥന്റെ തിരിച്ചറിയൽ രേഖയുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു. 14,000 ഉദ്യോഗസ്ഥരാണ് ഈ പ്രാരംഭ വിവരശേഖരണം നടത്തിയത്. പദ്ധതിയുമായി സഹകരിച്ച എല്ലാ സ്വദേശികൾക്കും വിദേശികൾക്കും അതോറിറ്റി നന്ദി അറിയിച്ചു.
അന്താരാഷ്ട്ര നിലവാരവും കീഴ്‌വഴക്കങ്ങളും പാലിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പ്രദേശത്തിന്റെയും സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചായിരുന്നു സെൻസസ് ഉദ്യോഗസ്ഥർ എത്തിയിരുന്നത്. ഇതാദ്യമാണ് ഇത്രയും സമഗ്രമായ സെൻസസ് സൗദിയിൽ നടക്കുന്നത്.
ഉദ്യോഗസ്ഥർക്കെല്ലാം ടാബുകൾ നൽകിയാണ് ഡാറ്റകളുടെ ശേഖരം ഉറപ്പാക്കിയത്. പരിശോധിച്ച ഓരോ കെട്ടിടത്തിനും പ്രത്യേക നമ്പറുകൾ ഉൾക്കൊള്ളുന്ന സ്റ്റിക്കർ പതിച്ചു.
മെയ് 10ന് രണ്ടാം ഘട്ടത്തിൽ വ്യക്തികളുടെ വിവരശേഖരണം ആരംഭിക്കും. ഓരോ കെട്ടിടത്തിലും ആരൊക്കെ താമസിക്കുന്നുണ്ടെന്ന് രേഖപ്പെടുത്തുന്നതിനാണിത്.
നേരത്തെ കുടുംബനാഥനായി രേഖപ്പെടുത്തപ്പെട്ട വ്യക്തിക്ക് പ്രത്യേക ഓൺലൈൻ ഫോമിലോ അല്ലെങ്കിൽ അവിടെയെത്തുന്ന ഫീൽഡ് സ്റ്റാഫിനോ വ്യക്തികളുടെ വിവരങ്ങൾ കൈമാറാം.
വിഷൻ 2030 യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും അതൊറിറ്റി അറിയിച്ചു.