കാസര്‍കോട്- മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഗുണ്ടകളെ പോലീസ് പിടികൂടി നാടുകടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട പതിനഞ്ചോളം പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മഞ്ചേശ്വരം പോലീസ് നടപടി തുടങ്ങി.
ഒരു മാസത്തിനിടെ മൂന്നു പേര്‍ക്കാണ് കാപ്പ ചുമത്തിയത്. രണ്ട് പേരെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. ഒരാളെ നാടു കടത്തി. വധശ്രമം അടക്കം എട്ടോളം കേസുകളില്‍പ്പെട്ട മൊര്‍ത്തണയിലെ അസ്‌കര്‍ (29), മിയാപ്പദവ് ബാളിയൂരിലെ ഇബ്രാഹിം അര്‍ഷദ് (30) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി മോഷണക്കേസുകളിലും വധശ്രമ കേസുകളിലും പ്രതിയായ ഉപ്പളയിലെ റഊഫ് എന്ന മീശ റഊഫിനെ (41) നാടു കടത്തി. പോലീസ് സംഘത്തെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച ഉപ്പള പത്വാടിയിലെ ആഷിഖ് (22) പോലീസ് സംഘത്തിന്റെ പിടിയിലായി. വെടിവെപ്പ്, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീട്ടില്‍ കയറി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്താന്‍ പോലീസ് നീക്കം തുടങ്ങിയത്.
ഇവരുടെ കേസുകളുടെ രേഖകള്‍ പരിശോധിച്ചു വരുന്നു. വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ പോലീസ് ശക്തമായ നടപടി തുടങ്ങി. രണ്ടില്‍ കൂടുതല്‍ കേസുകളില്‍പ്പെട്ട പ്രതികളുടെ വിവരങ്ങര്‍ ശേഖരിച്ച് വരുന്നു. കാസര്‍കോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയത്.