കുവൈത്ത് സിറ്റി - കുവൈത്തിൽ ജോലി ചെയ്യുന്ന ഈജിപ്തുകാരെ അപകീർത്തിപ്പെടുത്തിയ കേസിൽ കുവൈത്തി വനിതാ ആക്ടിവിസ്റ്റ് റീം അൽശമ്മരിയെ അപ്പീൽ കോടതി കുറ്റവിമുക്തയാക്കി. രണ്ടു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുവൈത്തിൽ ജോലി ചെയ്യുന്ന ഈജിപ്തുകാർ വേലക്കാരും കൂലിവേലക്കാരുമാണെന്ന് വിശേഷിപ്പിക്കുന്ന വീഡിയോകൾ 2020 മെയ് മാസത്തിലാണ് റീം അൽശമ്മരി സ്‌നാപ് ചാറ്റിലൂടെ പുറത്തുവിട്ടത്. ഇത് ഇവർക്കെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കേസിൽ മുഴുവൻ ആരോപണങ്ങളിൽ നിന്നും അപ്പീൽ കോടതി തന്നെ കുറ്റവിമുക്തയാക്കിയതായും വിധി അന്തിമമാണെന്നും റീം അൽശമ്മരി പറഞ്ഞു. കുവൈത്തിനെ അപകീർത്തിപ്പെടുത്തുന്നവർക്കു മുന്നിൽ സ്വന്തം രാജ്യത്തിന് പ്രതിരോധം തീർക്കാനാണ് വിവാദ വീഡിയോകളിലൂടെ താൻ ഉദ്ദേശിച്ചിരുന്നതെന്നും റീം അൽശമ്മരി പറഞ്ഞു. ഈജിപ്തുകാരെ അപകീർത്തിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ക്രിമിനൽ കോടതി റീം അൽശമ്മരിക്ക് 10,000 കുവൈത്തി ദീനാർ (33,000 അമേരിക്കൻ ഡോളർ) പിഴ ചുമത്തിയിരുന്നു.
ഇതിനെതിരെ റീം അൽശമ്മരി മേൽകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. വിചാരണ പൂർത്തിയാക്കിയ അപ്പീൽ കോടതി കീഴ്‌ക്കോടതി വിധി റദ്ദാക്കുകയായിരുന്നു. താൻ കുറ്റവിമുക്തയായതിൽ സന്തോഷം പ്രകടിപ്പിച്ച റീം അൽശമ്മരി ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ വഴി ഫോളോവേഴ്‌സിനെ അറിയിക്കുകയായിരുന്നു.