റിയാദ്- സൗദിയിൽ സർക്കാർ ജോലിക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 635 വികലാംഗർ. ഇക്കൂട്ടത്തിൽ 406 പേർ പുരുഷന്മാരും 229 പേർ വനിതകളുമാണ്. ഇവരിൽ 85 ശതമാനവും യൂനിവേഴ്‌സിറ്റി ബിരുദധാരികളാണ്. ബാച്ചിലർ ബിരുദധാരികളായ 399 വികലാംഗരും നാലു ബിരുദാനന്തര ബിരുദധാരികളും ഇക്കൂട്ടത്തിലുണ്ട്. ശേഷിക്കുന്നവർ സെക്കണ്ടറിക്കു ശേഷം ഡിപ്ലോമ നേടിയവരാണ്. സർക്കാർ ജോലി കാത്തിരിക്കുന്ന വികലാംഗരുടെ പ്രായം 22 മുതൽ 47 വരെയാണ്.
ഏറ്റവും പ്രായംകൂടിയ വനിതാ ഉദ്യോഗാർഥിക്ക് 47 വയസ്സാണ് പ്രായം. ഇവർ 25 വർഷം മുമ്പ് ബിരുദം നേടിയതാണ്. രണ്ടാം സ്ഥാനത്തുള്ള വികലാംഗയുടെ പ്രായം 40 വയസ്സാണ്. ഇവർ 18 വർഷം മുമ്പ് ബിരുദ പഠനം പൂർത്തിയാക്കിയതാണ്. 14 വർഷം മുമ്പ് ബിരുദം നേടിയ വികലാംഗനും വികലാംഗയും 12 വർഷം മുമ്പ് ബിരുദം നേടിയ വികലാംഗയും ഈ വർഷം ഡിപ്ലോമ നേടിയ വികലാംഗനും ഉദ്യോഗാർഥികളുടെ കൂട്ടത്തിലുണ്ട്.