Sorry, you need to enable JavaScript to visit this website.

പഠനത്തിനായി കേരളത്തിലേക്ക് കുട്ടികള്‍ വരുന്ന സാഹചര്യം സൃഷ്ടിക്കണം- മുഖ്യമന്ത്രി

തിരുവനന്തപുരം - കുട്ടികള്‍ പഠനത്തിനായി ഇവിടെനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുന്ന സ്ഥിതിക്ക് മാറ്റമുണ്ടായി മറ്റിടങ്ങളില്‍ നിന്ന് കുട്ടികള്‍ പഠനത്തിനായി ഇവിടെക്ക് വരുന്ന സാഹചര്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തെ വിജ്ഞാന സമൂഹമാക്കുന്നതിനൊപ്പം നൂതനത്വ സമൂഹവുമാക്കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ള കുറവുകളും അസൗകര്യങ്ങളും പരിഹരിക്കപ്പെടും. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തില്‍ പഠിക്കുന്ന സൗകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരും. നടപ്പാക്കാന്‍ പറ്റുന്നതേ പറയാറുള്ളൂവെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച നടപടികളിലൂടെ വ്യക്തമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സര്‍വകലാശാലകളിലായി 1500 ഹോസ്റ്റല്‍ മുറികള്‍ പണിയുന്നതിനാണ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി 250 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും ഒരുക്കും. ലൈബ്രറി, ലാബുകള്‍, കളിക്കളം തുടങ്ങി എല്ലാ സൗകര്യങ്ങളും വലിയ തോതില്‍ വര്‍ധിക്കും. 150 നവകേരള ഫെലോഷിപ്പ് ഈ വര്‍ഷം അനുവദിക്കും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന്റെ ആദ്യ ഘട്ടമായി 5000 പേര്‍ക്ക് സൗകര്യം ഒരുക്കുകയാണ്. 5000 രൂപ സര്‍ക്കാരും അത്ര തന്നെയെങ്കിലും സ്ഥാപന ഉടമയും നല്‍കും. ആറു മാസമാണ് ഇന്റേണ്‍ഷിപ്പ്. നൈപുണ്യ വികസനത്തിന് ഇത് വഴി വയ്ക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്‌കില്‍ പാര്‍ക്കുകളും ഒരുക്കും. ഐ. ടി പാര്‍ക്കുകളും വരുന്നുണ്ട്. നാലു സയന്‍സ് പാര്‍ക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഭാഗമായി ഡിജിറ്റല്‍ പാര്‍ക്കും വരും.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര വിഭാഗത്തില്‍ ഒന്നാമതെത്തിയ കാഴ്ച പരിമിതിയുള്ള ഇ. രമ്യയ്ക്കാണ് മുഖ്യമന്ത്രി ആദ്യ പുരസ്‌കാരം നല്‍കിയത്. വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം. രണ്ടരലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുന്നത്. വ്യാഴാഴ്ചയോടെ എല്ലാ വിദ്യാര്‍ത്ഥികളുടെയും അക്കൗണ്ടുകളില്‍ തുക എത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

 

 

Latest News