റിയാദ് - വിശുദ്ധ റമദാനില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് സൗകര്യപ്രദമായ പ്രവൃത്തി സമയം നടപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. രാവിലെ ഒമ്പതിനും പത്തിനും ഇടയിലുള്ള സമയമാണ് സ്‌കൂള്‍ പഠനം ആരംഭിക്കാന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്നത്. അതത് പ്രവിശ്യകളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ഓരോ സ്‌കൂളിലും പഠനം ആരംഭിക്കുന്ന സമയം നിശ്ചയിക്കാന്‍ പ്രിന്‍സിപ്പാളുമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. റമദാനില്‍ ഓരോ പിരീയഡും 35 മിനിറ്റ് ആയിരിക്കും. ഓരോ പിരീയഡിലും 10 മിനിറ്റിന്റെ വീതം കുറവാണ് വരുത്തിയിരിക്കുന്നത്. റമദാന്‍ 24 ന് തിങ്കളാഴ്ച സ്‌കൂളുകള്‍ അടക്കുന്നതു മുതല്‍ ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.