Sorry, you need to enable JavaScript to visit this website.

ശ്രീലങ്ക ഒരു മുന്നറിയിപ്പ്

ചരിത്രത്തിലിതുവരെ സംഭവിക്കാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ സാമ്പത്തിക മേഖല. 265 ശ്രീലങ്കൻ റുപ്പി നൽകിയാലേ ഒരു യു.എസ് ഡോളർ ലഭിക്കൂവെന്ന സ്ഥിതിയായി. വിദേശ നാണയം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെയായി. ഇപ്പോൾ അന്താരാഷ്ട്ര നാണ്യനിധിയുടെയും മറ്റും  സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. 
കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല തകർന്നടിഞ്ഞതോടെയാണ് ലങ്കയിൽ വിദേശനാണ്യ കമ്മി രൂക്ഷമായത്. കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണ്യം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണ്യം കിട്ടുന്നത് കുറയുകയും ചെയ്തു.  ശ്രീലങ്കയിലെ വിദേശനാണ്യ ശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യൺ ഡോളറോളം വിദേശ കടവുമുണ്ട്. 2019 ൽ 7.5 ബില്യൺ ഡോളറായിരുന്നു ദ്വീപ് രാജ്യത്തിന്റെ വിദേശ നാണയ ശേഖരം. 2021 നവംബറിൽ ഇത് 1.58 ബില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞിരുന്നു. അതാണിപ്പോൾ ശൂന്യതിയലേക്ക് കൂപ്പുകുത്തിയത്. പെട്ടെന്നുണ്ടായ സാഹചര്യമല്ലിത്്. പ്രശ്‌നം രൂപപ്പെടുന്നുവെന്നറിഞ്ഞ് 2021 ൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റം, മൂല്യ ശോഷണം സംഭവിച്ച നാണയം, വിദേശ നാണയ ശേഖരത്തിലെ ഇടിവ് എന്നിവയെല്ലാം കൂടിയാണ് നിലവിലെ ഗുരുതര സാഹചര്യമൊരുക്കിയത്. 
 വിദേശ നാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്റിനെതിരെ കലാപവുമായി തെരുവിലിറങ്ങിയതോടെയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഉടനടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെയാണ്  അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത്. രണ്ട് വർഷങ്ങളായി ജനങ്ങൾ ഒരുപാട് ദുരിതത്തിലാണ്. ഇനിയും ബുദ്ധിമുട്ടേണ്ടതുണ്ടോ? ഈ സർക്കാർ ദുഷ്ട ശക്തിയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പ്രേമദാസ കുറ്റപ്പെടുത്തുന്നു.  
ഇന്ധനം, പാചകവാതകം, പാൽ, മരുന്നുകൾ എന്നിവക്കൊക്കെ വില അമ്പരപ്പിക്കുന്ന തരത്തിലാണ് വർധിച്ചിരിക്കുന്നത്. ഇന്ധന ദൗർലഭ്യം രാജ്യത്ത് ഗതാഗത പ്രശ്‌നങ്ങൾക്ക് തന്നെ വഴിവെച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വിതരണം പോലും മുടങ്ങിയിരിക്കുകയാണ്. ഒപ്പം ദീർഘനേരമുള്ള പവർ കട്ടുകളും ജനങ്ങളെ രോഷാകുലരാക്കുന്നു. ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ നടപടി കൂടി വന്നതോടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കാത്ത അവസ്ഥയിലായി.  
1948 ന് ശേഷം ഏറ്റവും ഗുരുതരമായ സാഹചര്യമാണിപ്പോൾ. പതിറ്റാണ്ടുകൾക്കിപ്പുറം സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ സാമ്പത്തിക മേഖല. ജനുവരി മുതൽ വിദേശത്തുനിന്നും ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം നിലനിൽക്കുകയാണ്. വിദേശനാണ്യ കരുതൽ ധനം ഒറ്റയടിക്ക് ഇടിഞ്ഞതിനെ തുടർന്നാണ് ഈ അവസ്ഥ ഉണ്ടായത്. ഫെബ്രുവരിയിൽ ലങ്കയിലെ നാണയപ്പെരുപ്പം 15.1 ശതമാനമായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതോടെ ഭക്ഷ്യ വസ്തുക്കളുടെ വില 25.7 ശതമാനമായി ഉയർന്നു. മാർച്ചിൽ കാര്യങ്ങൾ പിന്നെയും വഷളായി. വിദേശ നാണയം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെയായി. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ അരി കിലോക്ക് 448 ലങ്കൻ രൂപ (128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപയാവും. പെട്രോളിനും ഡീസലിനും നാൽപത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം  പെട്രോളും ഡീസലും കിട്ടാൻ. ലിറ്ററിന് 283 ശ്രീലങ്കൻ രൂപയാണ് പെട്രോളിന്. ഡീസൽ ലിറ്ററിന് 176 ശ്രീലങ്കൻ രൂപ. രാജ്യത്തെ ഗതാഗത സംവിധാനം  താറുമാറായ അവസ്ഥയിലാണ്.  വൈദ്യുതി നിലയങ്ങൾ പ്രവർത്തന മൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ് സർക്കാർ. ഇതോടെ ദിവസം ഏഴര മണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  വണ്ടിയോടിക്കാൻ ഒരിറ്റ് ഇന്ധനവും ഇല്ലാത്തതിനെ തുടർന്ന് മണിക്കൂറുകളോളം പെട്രോൾ പമ്പിൽ ക്യൂ നിന്ന രണ്ട് വൃദ്ധരാണ് തിങ്കളാഴ്ച  കുഴഞ്ഞുവീണു മരിച്ചത്.  70 വയസ്സ് പ്രായമുള്ള ഒരു ഓട്ടോ ഡ്രൈവറും 72 വയസ്സിലേറെയുള്ള മറ്റൊരു ടാക്‌സി ഡ്രൈവറുമാണ് മണിക്കൂറുകൾ നീണ്ട ക്യൂവിൽനിന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇതേ രീതിയിൽ വരി നിന്ന രണ്ടു പേർ കഴിഞ്ഞ ദിവസവും മരിച്ചിരുന്നു. പാചക വാതകം വാങ്ങുന്നതിന് പൊരിവെയിലത്ത് സിലിണ്ടറുകളുമായി ക്യൂ നിൽക്കുന്ന നിരവധി സ്ത്രീകൾ തളർന്നു വീണ സംഭവങ്ങൾ ശ്രീലങ്കയുടെ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാചകവാതകത്തിന്റെ വില കുത്തനെ വർധിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ മണ്ണെണ്ണയിലേക്ക് മാറി. ക്രൂഡ് ഓയിൽ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് രാജ്യത്തെ ഏക ഇന്ധന റിഫൈനറി ഇക്കഴിഞ്ഞ ഞായറാഴ്ച പൂട്ടി. 
പാൽപൊടിയുടെ വില 250 രൂപയായാണ്  വർധിച്ചത്. 400 ഗ്രാമിന്റെ പാക്കറ്റിന്റെ വിലയാണിത്. ഇതോടെ റെസ്‌റ്റോറന്റുകൾ ചായയുടെ വില വർധിപ്പിച്ചിരിക്കുകയാണ്. നൂറ് രൂപയായാണ് ചായയുടെ വില ഉയർത്തിയത്. അതേസമയം കടലാസും അച്ചടി മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശ നാണ്യമില്ലാത്തതിനാൽ 28 ന് തുടങ്ങാനിരുന്ന 9, 10, 11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകളും മാറ്റിയിരിക്കുകയാണ്. 
ശ്രീലങ്കയുടെ ദേശീയ വരുമാനത്തിൽ പത്ത് ശതമാനം വിനോദ സഞ്ചാര മേഖലയിൽ നിന്നാണ്. ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ധാരാളം ടൂറിസ്റ്റുകളെത്തുന്നു. ടൂറിസം സെക്ടറിലെ തിരിച്ചടിയെ തുടർന്ന്  അഞ്ച് ലക്ഷം പേർ ദാരിദ്ര്യ രേഖക്ക്് താഴെ എത്തിയെന്നാണ് ലോക ബാങ്കിന്റെ കണക്ക്. 
പ്രതിഷേധങ്ങൾ മൂലം സംഘർഷ ഭരിതമായ ശ്രീലങ്കയിലേക്ക് പൗരൻമാർ പോകരുതെന്നാണ് യു.കെയും കാനഡയും മുന്നറിയിപ്പ് നൽകിയത്.  സ്ഥിതി അതീവ ഗുരുതരമാണെന്നും അവശ്യ സാധനങ്ങൾക്ക് ഉൾപ്പെടെ ക്ഷാമം നേരിടുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ടൂറിസമാണ് ലങ്കയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. ഇതിന് വലിയ തിരിച്ചടിയാകും നിലവിലെ സാഹചര്യം മൂലം ഉടലെടുക്കുക.
വിദേശ നാണയ ശേഖരം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ചൈനയുമാള്ള സ്വതന്ത്ര വ്യാപാരക്കരാർ യാഥാർത്ഥ്യമാക്കാൻ പ്രത്യേക സമിതിയെ  നിയമിച്ചിട്ടുണ്ട്.  നിലവിൽ ഏഴ് മില്യൺ ഡോളറോളം വിദേശ കടം ശ്രീലങ്കക്കുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയും ചൈനയുടെയും മറ്റും  സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. 2.5 ബില്യൺ ഡോളർ വായ്പ ഉടൻ നൽകണമെന്നാണ് ചൈനയോട് അഭ്യർഥിച്ചിട്ടുള്ളത്. ഐ.എം.എഫിൽ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടിയും ഉടൻ തുടങ്ങും. 
ശ്രീലങ്കയുടെ അനുഭവത്തിൽ നിന്ന്് കേരളത്തിന് ഏറെ പഠിക്കാനുണ്ട്. ഭൂപ്രകൃതിയും വിഭവങ്ങളുടെ ലഭ്യതയും മറ്റും വെച്ചുനോക്കുമ്പോൾ കേരളവുമായി ഏറെ സാദൃശ്യമുള്ള രാജ്യമാണിത്. നാളികേരവും വിദേശ ജോലിക്ക്് പോകുന്ന ഹൗസ് ഡ്രൈവറും നഴ്‌സും ടീ ബോയിയും അവിടെയുണ്ട്. നമുക്ക് വിദേശ രാജ്യങ്ങളിൽ ചാനലും റേഡിയോയും പത്രവുമുള്ളത് പോലെ യൂറോപ്പിൽ സംപ്രേഷണം ചെയ്യുന്ന തമിഴ് ചാനൽ അവർക്കുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും ശ്രീലങ്കൻ പ്രവാസികളുണ്ട്. ഫോറിൻ റെമിറ്റൻസിന്റെ കാര്യത്തിലും കേരളത്തെ പോലെ. കഴിഞ്ഞ ഏതാനും ദശകങ്ങളായി കേരളത്തിലും പ്രവാസി നിക്ഷേപമല്ലാതെ മറ്റെന്ത് വൻകിട പദ്ധതിയാണ് സർക്കാരിന്റെ വകയായി വന്നത്. കോവിഡ് വരുന്നതിന് മുമ്പ് ശ്രീലങ്കയിലും ചൈനീസ് സഹായത്തോടെ വൻകിട തുറമുഖ നിർമാണവും ആകെ ബഹളമയമായിരുന്നു. കേന്ദ്രം തന്നില്ലെങ്കിലും കുഴപ്പമില്ല, ഏഷ്യൻ ബാങ്കിൽ നിന്നോ, ജപ്പാനിൽ നിന്നോ രണ്ടു ലക്ഷം കോടി കടമെടുത്ത്് ആർക്കും വേണ്ടാത്ത കെ.റെയിൽ നടപ്പാക്കുമെന്ന് ആവർത്തിക്കുന്നവർക്ക് ശ്രീലങ്കയിലെ ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധിക്കാവുന്നതേയുള്ളൂ. 

Latest News