ജിദ്ദ - ജിദ്ദ തുറമുഖത്തിനു സമീപം ജീര്‍ണാവസ്ഥയില്‍ ഉപേക്ഷിച്ച ബോട്ടുകള്‍ നീക്കം ചെയ്യാന്‍ ഉടമകള്‍ക്ക് ജിദ്ദ നഗരസഭ അനുവദിച്ച സാവകാശം അവസാനിച്ചു. സാവകാശം അനുവദിച്ച സമയത്തിനകം ബോട്ടുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന് ഉടമകളോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. ബോട്ടുകള്‍ മാറ്റാന്‍ മൂന്നു മാസത്തെ സാവകാശമാണ് ഉടമകള്‍ക്ക് അനുവദിച്ചിരുന്നത്. ഇത് ഈ മാസം 21 ന് അവസാനിച്ചു.
ബോട്ടുകള്‍ ബീച്ചില്‍ ഉപേക്ഷിക്കുന്നത് പരിസ്ഥിതിയെ ബാധിക്കുമെന്നും ഇത് കടല്‍ തീരത്തിന്റെ ദൃശ്യഭംഗി വികലമാക്കുമെന്നും നഗരസഭ പറഞ്ഞു. സാവകാശം അനുവദിച്ച സമയത്തിനകം ബോട്ടുകള്‍ നീക്കം ചെയ്യാത്ത പക്ഷം നിയമം അനുസരിച്ച് കൈകാര്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിന്നീട് ബോട്ടുകളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളില്‍ നഗരസഭക്ക് യാതൊരുവിധ ഉത്തരവാദിത്വവുമുണ്ടാകില്ലെന്നും ജിദ്ദ നഗരസഭ അറിയിച്ചിരുന്നു.