കൊച്ചി- നമ്പര്‍ 18 പോക്സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം.എല്‍.എയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണെന്ന് അഞ്ജലി റീമാദേവ് ആരോപിച്ചു. എം.എല്‍.എയുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകള്‍ ചോദ്യം ചെയ്തതിന്റെ വിരോധമാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്നും പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഞ്ജലി പറഞ്ഞു.
കേസില്‍ ചോദ്യം ചെയ്യലിനായി അഞ്ജലി റീമാദേവ് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി ഹാജരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഞ്ജലിയോട് ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ജലി വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായത്.
വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലിയാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.