Sorry, you need to enable JavaScript to visit this website.

സമ്പാദ്യം കൂടുതല്‍ ജെബി മേത്തര്‍ക്ക്, കുറവ് എ.എ. റഹീമിന്

തിരുവനന്തപുരം- രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള  സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെബി മേത്തര്‍ക്ക്. 11.14 കോടിയുടെ സ്വത്താണ് ഇവര്‍ക്കുള്ളത്. ഏറ്റവും കുറവ് സ്വത്തുക്കള്‍ സി.പി.എം സ്ഥാനാര്‍ഥി എ.എ റഹീമിനാണ്.
11.14 കോടിയുടെ കാര്‍ഷിക കാര്‍ഷികേതര ഭൂസ്വത്തുക്കളുണ്ടെന്നാണ് ജെബി മേത്തര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷം രൂപ വിലയുള്ള വീടും, 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും ജെബി മേത്തറുടെ പേരിലുണ്ട്. തനിക്ക് 46.16 ലക്ഷത്തിന്റെ  ബാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബിയുടെ പേരില്‍ കേസുകളൊന്നുമില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയും സമ്പാദ്യമായുണ്ട്. ജെബിയുടെ കൈവശം പതിനായിരം രൂപയാണ് ഉള്ളതെന്നും വിശദാംശങ്ങളില്‍ പറയുന്നു.

സി.പി.എം സ്ഥാനാര്‍ഥി എ.എ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്.  ഡി.വൈ.എഫ.്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയായ റഹീമിനെതിരെ 37 ക്രിമിനല്‍ കേസുകളുമുണ്ട്. റഹീമിന്റെ ഭാര്യയുടെ പേരില്‍ നാലര ലക്ഷം രൂപ വിലയുള്ള കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളതെന്നും രേഖകളില്‍ പറയുന്നു.
സി.പി.ഐ സ്ഥാനാര്‍ഥിയായ പി.സന്തോഷ് കുമാറിന്റെ പേരില്‍ 10 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും കൈവശം 10,000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷം വിലമതിക്കുന്ന കൃഷി ഭൂമിയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷം രൂപയുടെ ബാധ്യതയും ഭാര്യക്ക് 19 ലക്ഷത്തിന്റെ ബാധ്യതയുമുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാര്‍ എ.ഐ.വൈ.എഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു.

 

Latest News