തിരുവനന്തപുരം- പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് വികസനമല്ല കമ്മീഷനാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആരോപിച്ചു. പിണറായി അധികാരത്തില്‍ എത്തിയശേഷം പ്രഖ്യാപിച്ച എല്ലാ പദ്ധതികളും കമ്മീഷന്‍ ലക്ഷ്യമിട്ടുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു. കോടി അടിച്ചെടുക്കലാണ് കെ റയില്‍ പദ്ധതിയുടെ ലക്ഷ്യമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വീട്ടിലിരിക്കുന്ന അമ്മമാരെ പോലും മര്‍ദ്ദനത്തിന് വിട്ടുകൊടുക്കുന്ന ഇങ്ങനെയൊരു മുഖ്യമന്ത്രി അസഹനീയമാണ്. മുഖ്യമന്ത്രിയുടെ കെ റെയില്‍ സ്വപ്‌നം നടക്കില്ല. സമരക്കാര്‍ക്ക് ജനാധിപത്യ ബോധം വേണമെന്നു പറയുന്ന സര്‍ക്കാര്‍ കെ റയില്‍ സംബന്ധിച്ച ജനഹിതത്തിനായി സര്‍വ്വേ നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍വ്വേ വിജയകരമെങ്കില്‍ പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സമരം ചെയ്യുന്നതിനു പകരം ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കൊണ്ട് പദ്ധതി പിന്‍വലിപ്പിക്കുകയാണ് വേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.
തെരുവില്‍ ഇറങ്ങി സമരം ചെയ്യുകയല്ല, ശ്രീധരനുമായി ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട് പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.