തിരുവനന്തപുരം- സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞതാണ് ശരിയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞതല്ല ശരിയെന്നും അദ്ദേഹം വിശദീകരിച്ചു. പദ്ധതിക്ക് ബഫര്‍ സോണില്ലെന്ന മന്ത്രിയുടെ വാദത്തിനു വിരുദ്ധമായി എംഡി പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.
പദ്ധതിക്കായി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. ഹൈക്കോടതി അനുമതി നല്‍കിയ പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സര്‍വേ തടയാന്‍ കോണ്‍ഗ്രസ് കരുതല്‍ പട രൂപീകരിച്ചു. എല്ലാ പടയും വരട്ടെ, പൊലീസ് സംയമനം പാലിക്കുന്നതു കൊണ്ടാണ് കൂടുതല്‍ നടപടികളിലേക്കു പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈനിന് ഇരുഭാഗത്തുമായി ഇരുപതു മീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ചെന്നാണ് എംഡി വ്യക്തമാക്കിയത്. അഞ്ച് മീറ്ററില്‍ നിര്‍മാണ വിലക്കുണ്ടെന്നും ശേഷിച്ച അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.