ജിദ്ദ- നവോദയ ജിദ്ദ ബവാദി ഏരിയ കമ്മിറ്റി, അൽ മാസ് ഐഡിയൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മാർച്ച് 25ന് 'ഹൃദയതാളം ജീവതാളം' എന്ന പേരിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണിവരെ അൽമാസ് ഐഡിയൽ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. പ്രവാസി സമൂഹത്തിൽ കൂടിവരുന്ന ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് പോലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ക്യാമ്പ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ഞൂറോളം പേരെയാണ് ക്യാമ്പിൽ പ്രതീക്ഷിക്കുന്നത്. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും, ഹൃദ്രോഗം എങ്ങനെ തടയാമെന്നതിനെക്കുറിച്ചുമുള്ള സെമിനാറും സംശയ നിവാരണവും ഇതോടനുബന്ധിച്ചുണ്ടാകും. ബ്ലഡ് പ്രഷർ, പൾസ്, ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ) പരിശോധനകൾ, പ്രമേഹം, കൊളസ്‌ട്രോൾ, ട്രിഗ്ലിസറൈഡ്‌സ്, എൽ.ഡി.എൽ, ഇ.സി.ജി, അമിതവണ്ണം തുടങ്ങിയ പരിശോധനകളും ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
ജിദ്ദ നവോദയ കഴിഞ്ഞ സമ്മേളനകാലത്തെ തീരുമാന പ്രകാരം ഓരോ ഏരിയകളും നടത്തുന്ന സാമൂഹിക, കലാ, കായിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ബവാദി ഏരിയയുടെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഏരിയ രക്ഷാധികാരി കെ.വി മൊയ്തീൻ, ഏരിയ സെക്രട്ടറി റഫീഖ് മമ്പാട്, അൽമാസ് മാർക്കറ്റിംഗ് മാനേജർ അയ്യൂബ് മുസ്‌ല്യാരകത്ത്, ഓപ്പറേഷൻസ് മാനേജർ ആസിഫ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.