ദമാം- പ്രശസ്ത സംഗീതജ്ഞരായ സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും നയിക്കുന്ന സിതാർ സംഗീത പരിപാടി മെയ് ആദ്യവാരം ദമാമിൽ നടക്കും. കിഴക്കൻ പ്രവശ്യയിലെ നവ സൗഹൃദ കൂട്ടായ്മയായ ധൃതംഗ പുളകിതർ (ഡി.പി) ആണ് സംഘാടകർ. സിതാരാസ് പ്രോജക്ട് മലബാറിക്കസ് എന്ന നാമധേയത്തിലുള്ള മലയാളത്തിലെ മികച്ച മ്യുസിക്കൽ ബാൻഡിന്റെ കീഴിൽ നടക്കുന്ന പരിപാടി വ്യത്യസ്തവും ഏറെ ആസ്വാദ്യവുമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
കോവിഡ് നിശ്ചലമാക്കിയ സർഗവേദികളെ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ച് ഉയർത്തി പ്രവിശ്യയുടെ സാംസ്‌കാരിക മണ്ഡലത്തിലേക്ക് സമർപ്പിക്കുവാനാണ് ലക്ഷ്യം. പരിമിതമായ സദസ്സിന് മുമ്പിൽ സംഘടിപ്പിക്കുന്ന സംഗീത രാവിലേക്ക് പ്രവേശനാനുമതി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഡി.പി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹ്രസ്വ കാലയളവിൽ കിഴക്കൻ പ്രവശ്യയിൽ തങ്ങൾ കൈയൊപ്പ് ചാർത്തിയതായും പീർ മുഹമ്മദ് അനുസ്മരണം, ബാബുരാജ്‌സംഗീത സദസ്സ് തുടങ്ങിയ സംഗീത കുലപതികളെ അനുസ്മരിച്ച് നടത്തിയ പരിപാടികൾ എറെ ശ്രദ്ധേയമായിരുന്നതായും ഭാരവാഹികൾ അവകാശപ്പെട്ടു. ദമാം റോയൽ മലബാർ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മുജീബ് കണ്ണൂർ, സിറാജ് അബൂബക്കർ, നിഹാദ് കൊച്ചി, മനാഫ് ടി കെ, നൗഫൽ കണ്ണൂർ, നിഷാദ് കുറ്റിയാടി എന്നിവർ സംബന്ധിച്ചു. സിതാർ സംഗീത സദസ്സിലേക്ക് രജിസ്റ്റർ ചെയ്യാൻ 0509420209 എന്ന നമ്പറിൽ ബന്ധപ്പെടാം.