തുറൈഫ്- സ്വർണ്ണക്കടയിൽ ജോലിക്കാരായ വിദേശികളെ ഒഴിവാക്കാതെ സ്ഥാപനം തുറന്നുപ്രവർത്തിപ്പിച്ചതിന് നാൽപതിനായിരം റിയാൽ പിഴ ചുമത്തി. ലേബർ കോർട്ട് അധികൃതരാണ് പിഴ ചുമത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് നടന്ന പരിശോധനയിലാണ് തുറൈഫിലെ വനിതാ മാർക്കറ്റിലെ അൽ മുദവ്വഹ് ലിൽ മുജൗഹറാത്ത് എന്ന ഷോപ്പിന് പിഴയിട്ടത്. സ്വദേശി പൗരനെ ജോലിക്ക് നിർത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ വരുമ്പോൾ കടയിൽ സഹായിക്കുന്നത് വിദേശികളായിരുന്നു. ഇവർ സമീപത്തുള്ള ചെറിയ റൂമിൽ ഇരിക്കുകയാണ് പതിവ് . ഇത് അധികൃതർ അറിയുകയും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് തുടർന്നപ്പോഴാണ് പരിശോധന തുടങ്ങിയത്.
അതിനിടെ, സ്വദേശിവൽക്കരണം പൂർണ്ണമായി പാലിക്കാൻ സ്ഥാപന ഉടമകൾക്ക് കഴിയുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്വദേശികളെ മാത്രം ജോലിക്ക് നിയോഗിച്ചപ്പോൾ ഉപഭോക്താക്കളെ വേണ്ടവിധം സ്വീകരിക്കാനും കച്ചവടം ശരിയായ രീതിയിൽ നടത്താനും കഴിയുന്നില്ലെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. സ്വദേശികൾ വൈകിയെത്തുന്നതും നേരത്തെ പോകുന്നതും പതിവാണ്. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.