Sorry, you need to enable JavaScript to visit this website.

സൽമാൻ രാജാവും സുഡാൻ പ്രസിഡന്റും തമ്മിൽ ചർച്ച

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും സുഡാൻ ഇടക്കാല പരമാധികാര സമിതി പ്രസിഡന്റ് ജനറൽ അബ്ദുൽഫത്താഹ് അൽബുർഹാനും ചർച്ച നടത്തി. സുഡാൻ പ്രസിഡന്റിന്റെയും സംഘത്തിന്റെയും ബഹുമാനാർഥം സൽമാൻ രാജാവ് അത്താഴ വിരുന്നും ഒരുക്കിയിരുന്നു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ തുടങ്ങി നിരവധി മന്ത്രിമാരും രാജകുമാരന്മാരും ചടങ്ങിൽ സംബന്ധിച്ചു. 
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും സുഡാൻ പ്രസിഡന്റ് പിന്നീട് പ്രത്യേകം ചർച്ച നടത്തി. സൗദി അറേബ്യയും സുഡാനും തമ്മിലുള്ള ബന്ധങ്ങളും വികസന, നിക്ഷേപ മേഖലകളിൽ അടക്കം വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മറ്റും ഇരുവരും വിശകലനം ചെയ്തു. സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ സുഡാൻ പ്രസിഡന്റ് അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷ സുഡാന്റെ സുരക്ഷയാണെന്നും അബ്ദുൽഫത്താഹ് അൽബുർഹാൻ പറഞ്ഞു. 

Latest News