റിയാദ് - അറേബ്യൻ ഉൾക്കടലിൽ സൗദി, കുവൈത്ത് സംയുക്ത അതിർത്തിയിലെ അൽദുറ ഗ്യാസ് ഫീൽഡ് വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും കുവൈത്ത് പെട്രോളിയം മന്ത്രി മുഹമ്മദ് അൽഫാരിസുമാണ് കുവൈത്തിൽ കരാർ ഒപ്പുവെച്ചത്. പ്രതിദിനം 100 കോടി ഘനയടി പ്രകൃതി വാതകവും 84,000 ബാരൽ സാന്ദ്രീകൃത ദ്രാവകങ്ങളും ഉൽപാദിപ്പിക്കാനുള്ള ശേഷിയിൽ അൽദുറ ഗ്യാസ് ഫീൽഡ് വികസിപ്പിക്കാനാണ് പദ്ധതി.
കുവൈത്തിലെത്തിയ സൗദി ഊർജ മന്ത്രി കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിറുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് പെട്രോളിയം മന്ത്രിയും ചടങ്ങിൽ സംബന്ധിച്ചു. അൽദുറ ഗ്യാസ് ഫീൽഡ് വികസിപ്പിക്കാനും പ്രയോജനപ്പെടുത്താനും 2019 ഡിസംബർ 24ന് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ കരാർ.
കരാർ പ്രകാരം അൽദുറ ഫീൽഡിൽ ഉൽപാദിപ്പിക്കുന്ന ഗ്യാസും സാന്ദ്രീകൃത ദ്രാവകങ്ങളും രണ്ടു രാജ്യങ്ങളും സമുദ്രത്തിൽ വെച്ചുതന്നെ തത്തുല്യമായി വീതിക്കും. സൗദി വിഹിതം സൗദി അറാംകൊക്കു കീഴിലെ അൽഖഫ്ജി ജോയിന്റ് ഓപ്പറേഷൻസ് കമ്പനിയുടെ അൽഖഫ്ജി പ്ലാന്റിലേക്കും കുവൈത്ത് വിഹിതം കുവൈത്ത് ഗൾഫ് ഓയിൽ കമ്പനിയുടെ അൽസൂറിലെ പ്ലാന്റിലേക്കും നീക്കം ചെയ്യും. പ്രകൃതി വാതകത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ അൽദുറ ഗ്യാസ് ഫീൽഡ് വികസനം സൗദി അറേബ്യയെയും കുവൈത്തിനെയും സഹായിക്കും.