കോഴിക്കോട് - കെ-റെയില്‍ പദ്ധതിക്കായി അതിരിടുന്നതിനെതിരെ കേരളമാകെ നടക്കുന്ന പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും മുസ്‌ലീം ലീഗ് സംസ്ഥാന നേതൃത്വം മൗനത്തില്‍. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായ സംഘര്‍ഷങ്ങള്‍ അരങ്ങേറുകയും പ്രതിഷേധക്കാരെ നേരിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും മുസ്‌ലീം ലീഗ് നേതൃത്വം സര്‍ക്കാറിനെതിരെ പ്രസ്താവന നടത്താന്‍ പോലും തയ്യാറായിട്ടില്ല. മുസ്‌ലീം ലീഗ് സി.പി.എമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കെ-റെയില്‍ പ്രക്ഷോഭ വിഷയത്തിലുള്ള ലീഗ് നേതൃത്വത്തിന്റെ മൗനം കോണ്‍ഗ്രസിലും യു.ഡി.എഫിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കെ-റെയില്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിയേണ്ടി വരുന്നവരെ സംഘടിപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭമാണ് യു.ഡി.എഫ് നടത്തുന്നത്. പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞു കൊണ്ടാണ് സമരം നടക്കുന്നത്. പ്രാദേശികമായി മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ ഈ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും പാര്‍ട്ടി സംസ്ഥാന നേതൃത്വം വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെ മറ്റ് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെല്ലാം സമരത്തെ പുച്ഛിക്കുകയും സമരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ എടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടും മുസ്‌ലീം ലീഗ് സംസ്ഥാന നേതാക്കളാരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളാണ് സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തുകയും പ്രതിഷേധക്കാര്‍ക്ക് ആവേശം പകരുന്ന പ്രസ്താവനകളുമായി സമര രംഗത്ത് നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രീയമായി മുതലെടുക്കാനുള്ള ഏറ്റവും നല്ല അവസരം ലഭിച്ചിട്ടും മുസ്‌ലീം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ മൗനം തുടരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
വിശാല ഇടതുപക്ഷ വിരുദ്ധ മുന്നണിക്ക് രൂപം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി മറ്റൊരു വിമോചന സമരത്തിനാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. സര്‍വ്വേ കല്ലുകള്‍ പിഴുതെറിയുന്നവര്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്നും അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ ഇത്രത്തോളം രൂക്ഷമായിട്ടും മുസ്‌ലീം ലീഗ് നേതൃത്വം സര്‍ക്കാറിനെതിരെ രംഗത്ത് വന്നിട്ടില്ല. കെ-റെയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും അബ്ദ്ദുസമദ് സമദാനിയും ചേര്‍ന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രധാന നടപടി.
കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെയുള്ള നീക്കളുടെ ഭാഗമായി ചില ഉറച്ച നിലപാടുകള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരും കെ.വി.തോമസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാറിനെതിരെ പ്രതിപക്ഷം പ്രക്ഷോഭ രംഗത്തുള്ള സാഹചര്യത്തില്‍ ഇതില്‍ പങ്കെടുക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുകയും അത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം സര്‍ക്കാറിന്റെ പരിപാടികളോട് സഹകരിക്കുന്ന നിലപാടാണ് മുസ്‌ലീം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. ഭൂരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിലേക്ക് മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് എം.പി കഴിഞ്ഞ ദിവസം ഭൂമി വിട്ടു നല്‍കുകയും ഇതിന്റെ സമ്മതപത്രം നല്‍കുന്ന ചടങ്ങ് മന്ത്രി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ആഘോഷപൂര്‍വ്വം നടത്തുകയും ചെയ്തിരുന്നു. ചടങ്ങില്‍ മന്ത്രിയെ പുകഴ്ത്താനും അബ്ദൂള്‍ വഹാബ് മടി കാട്ടിയില്ല. പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാണക്കാട്ടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയിരുന്നു.
മുസ്ലിം ലീഗിനോട് അനുകൂല നിലപാട് പുലര്‍ത്തുന്ന ഇ.കെ.വിഭാഗം സുന്നികളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. കെ-റെയിലിനെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും സുന്നി നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. കെ-റെയില്‍ വിഷയത്തില്‍ ഈ അഭിപ്രായങ്ങളെല്ലാം ലീഗ് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്.