തലശ്ശേരി- യൂണിവേഴ്‌സിറ്റികളില്‍ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ആദ്യപടിയായ് 1500 ഹോസ്റ്റല്‍ മുറികള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുറമെ ഇരുനൂറില്‍പ്പരം ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ മാത്തമാറ്റിക്‌സ് ബ്ലോക്കിന്റെയും നവീകരിച്ച മെന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍വകലാശാലകളുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഹ്രസ്വകാല കോഴ്‌സുകളും ആരംഭിക്കും. പി.ജിക്ക് അനുസൃതമായ കോഴ്‌സുകളും ഉടനെ തുടങ്ങുമെന്നും പിണറായി പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ മേഖല, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇവയെല്ലാം ചേര്‍ന്നുകൊണ്ടുള്ള ചെറിയ വ്യവസായ യൂണിറ്റ് ആരംഭിക്കും. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് സജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങി. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം നേടാനും അതുവഴി വരുമാനമുണ്ടാക്കാനുമാണ് സാധിക്കുക. പഠിച്ച് ഇറങ്ങുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതി നടപ്പാക്കും. കൂടാതെ സ്‌കില്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കാനുദ്ദേശിക്കുന്നു. ഇതിനായി കിഫ്ബി വഴി 380 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായി.