ജിദ്ദ- സിഫ് ഈസ്റ്റീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ എസിസി ബി ജേതാക്കളായി. ജിദ്ദ ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി നടന്ന വാശിയേറിയ മത്സരത്തില്‍ സബീന്‍ എഫ്.സി യെ ടൈബ്രേക്കറില്‍ നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എ.സി സി പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്‌സാ ട്രാ ടൈമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നാണ് ടൈബ്രേക്കര്‍ വേണ്ടി വന്നത്. ടൈബ്രേക്കറില്‍ രണ്ടവസരം സബീനും ഒരവസരം എ.സി.സിയും പാഴാക്കിയതോടെ 4-3 ന് എ.സി.സി വിജയിക്കുകയായിരുന്നു. ഹാഫ് ടൈമിനു ശേഷം എസിസിയുടെ ഒരു കളിക്കാരൻ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് പത്ത് കളിക്കാരുമായാണ് എ സി സി പിന്നീട് മുഴുവൻ സമയവും കളിച്ചത്.
മുഖ്യാതിഥി സിനിമാ താരം ഉണ്ണി മുകുന്ദന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനക്കൂട്ടം മത്സരം വീക്ഷിക്കാനെത്തി.
നേരത്ത ഡി ഡിവിഷനില്‍ സ്‌പോര്‍ട്ടിംഗ് യുനൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സോക്കര്‍ ഫ്രീക്‌സിനെ തോല്‍പിച്ചു.