ഫുട്‌ബോൾ ആരാധകരുടെ സംഗമ കേന്ദ്രങ്ങളാണ് മലബാറിലെ മൈതാനങ്ങൾ.ഫുട്‌ബോൾ അവർക്ക് കളി മാത്രമല്ല. ജീവനോട് ചേർത്തു നിർത്തുന്ന വികാരവുമാണ്.ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ആവേശത്തോടെ കാണാനെത്തുന്ന കായികോത്സവങ്ങളാണ് വടക്കൻ കേരളത്തിലെ ഓരോ ഫുട്‌ബോൾ ടൂർണമെന്റുകളും.കളിയിടങ്ങൾ ടർഫിലേക്ക് ചുവടു മാറ്റുമ്പോഴും താൽക്കാലിക സ്‌റ്റേഡിയങ്ങളിലെ കളി ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തുന്നത്.സ്‌കൂൾ ഗ്രൗണ്ടുകളായാലും കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളായാലും ഫുട്‌ബോൾ ആവേശം നാടാകെ പടരുന്നു.ആഗോള ഫുട്‌ബോളിനെ കുറിച്ച് ആഴത്തിൽ അറിവുള്ളവരുമാണ് കാണികൾ.മെസിയുടെയോ റെണാൾഡോയുടെയോ ജഴ്്‌സി അണിയാത്ത കുട്ടികൾ കുറവായിരിക്കും.ഒരു പന്തില്ലാത്ത വീടും കുറയും.
മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത പൂങ്ങോട്ട് കഴിഞ്ഞ ദിവസം നടന്ന ഫുട്‌ബോൾ ദുരന്തം ഏറെ ഞെട്ടലോടെയാണ് ലോകത്താകമാനമുള്ള മലയാളികൾ കണ്ടത്. സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിനിടെ താൽക്കാലിക സ്റ്റേഡിയം തകരുകയായിരുന്നു.നൂറുകണക്കിന് കാണികളാണ് മേൽക്കുമേൽ വീണത്.പലർക്കും പരിക്കുകൾ പറ്റിയെന്നതൊഴിച്ചാൽ വലിയ ദുരന്തം സംഭവിച്ചില്ലെന്ന് ആശ്വസിക്കാം.
അപകടത്തെ തുടർന്ന് പോലീസ് ടൂർണമെന്റ് കമ്മിറ്റിക്കെതിരെ കേസെടുത്തിട്ടുണ്ട്.അപകടമുണ്ടായത് വേണ്ടത്ര മുൻകരുതൽ ഇല്ലാത്തതിനാലാണെന്ന വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.തലേന്ന് പെയ്ത മഴയിൽ ഗാലറി നിർമിക്കാനുപയോഗിച്ച മുളയുടെ കാലുകൾ താഴ്ന്നു പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലബാറിൽ ഫുട്‌ബോൾ ടൂർണമെന്റുകൾക്കിടയിലെ അപകടങ്ങളും അക്രമങ്ങളും പുതിയതല്ല.ഗാലറികൾ പൊട്ടിവീഴുന്നതും വാശി മൂത്ത് കാണികൾ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതും മുമ്പും സംഭവിച്ചിട്ടുണ്ട്.കാണികൾ തമ്മിലുള്ള സംഘർഷങ്ങളിൽ മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്.ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ സംഘാടകരുടെ അശ്രദ്ധയാണ് പലപ്പോഴും പഴിക്കപ്പെടാറുള്ളത്.പ്രശ്്‌നങ്ങളുടെ അടിസ്ഥാന കാരണത്തിലേക്ക് ആരും തിരിഞ്ഞു നോക്കാറില്ല.
മലബാറിന്റെ ഫുട്‌ബോൾ പാരമ്പര്യവും സംസ്‌കാരവും പഠിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമാകുന്നത് അതിന്റെ ജനകീയതയാണ്.നാട്ടിൻപുറങ്ങളിൽ സ്ത്രീകളടക്കമുള്ളവർ ആസ്വദിക്കുന്ന കളിയാണ് ഫുട്‌ബോൾ.എല്ലാ വർഷവും ഡിസംബർ മുതൽ മലബാറിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകൾ തുടങ്ങുകയായി.ഏപ്രിൽ അവസാനം വരെ സജീവമായി നിൽക്കുന്ന ആ കളികൾ, മഴയെത്തുന്നതോടെയാണ് അവസാനിക്കുന്നത്.
കോവിഡ് മൂലം രണ്ടു വർഷമായി നടക്കാത്ത ടൂർണമെന്റുകൾ ഇത്തവണ സജീവമായി ആരംഭിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ സന്ധ്യയോടെ മത്സരങ്ങൾ അവസാനിച്ചിരുന്നെങ്കിൽ ഇപ്പോൾ മിക്ക ടൂർണമെന്റുകളും രാത്രിയിൽ ഫ്ളഡ്‌ലൈറ്റ് വെളിച്ചത്തിലാണ് നടക്കുന്നത്.ടൂർണമെന്റുകളുടെ സമയക്രമം ചിട്ടപ്പെടുത്താൻ സെവൻസ് ഫുട്‌ബോൾ അസോസിയേഷന് സംവിധാനങ്ങളുമുണ്ട്.പതിനായിരം കാണികൾ വരെ എത്തുന്ന ടൂർണമെന്റുകൾ മലബാർ ജില്ലകളിൽ നിരവധിയുണ്ട്.
ഇത്രയേറെ ജനപ്രീതിയുള്ള ഒരു കായികമേള നടത്താൻ അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ നാട്ടിലുണ്ടോ എന്നതാണ് പ്രധാന ചോദ്യം.ഫുട്‌ബോളിനിടെയുള്ള ദുരന്തങ്ങളുടെ കാരണവും ഇതുമായി ബന്ധപ്പെട്ടതാണ്.കളിയിൽ മികവുള്ള നിരവധി ചെറുപ്പക്കാരാണ് നാട്ടിലുള്ളത്.
അവരുടെ പ്രാഗൽഭ്യം നാട്ടുകാർക്ക് മുന്നിൽ കാഴ്ച വെക്കാനായി മികച്ച രീതിയിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന സംഘാടക സമിതികളുമുണ്ട്.
ടൂർണമെന്റുകൾ നടക്കുന്നത് എത്ര അകലെയാണെങ്കിലും ടിക്കറ്റെടുത്ത് കാണാൻ മുടങ്ങാതെ എത്തുന്ന ആയിരക്കണക്കിന് ഫുട്‌ബോൾ പ്രേമികളുമുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങൾ നാട്ടുകാർ ഒരുക്കിയിട്ടും ഒരു കായിക വിനോദത്തെ സുരക്ഷിതമായി വളർത്താൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണ്? ടൂർണമെന്റുകൾ നല്ല രീതിയിൽ നടത്താൻ മികച്ച സ്‌റ്റേഡിയങ്ങൾ നിർമിക്കാൻ അധികാരികൾക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
നല്ല രീതിയിൽ പണമൊഴുകുന്ന മേഖലയുമാണ് ഫുട്‌ബോൾ.മൽസരങ്ങൾ കാണാൻ പണം ഈടാക്കി ടിക്കറ്റ് നൽകുന്നുണ്ട്.
കളിക്കാർക്ക് മോശമില്ലാത്ത പ്രതിഫലം നൽകുന്നുണ്ട്.മിക്കവാറും എല്ലാം ടൂർണമെന്റ് കമ്മിറ്റികളും ലാഭത്തിലുമാണ്.ഒരു സ്ഥലത്തെ ടൂർണമെന്റ് കഴിഞ്ഞാൽ അടുത്ത സ്ഥലത്തേക്ക് പോകാനും ടിക്കറ്റെടുത്ത് കളി കാണാനും തയാറുള്ള ജനങ്ങളും നിരവധിയുണ്ട്.എന്നിട്ടും താൽക്കാലിക ഗാലറികളുണ്ടാക്കി ടൂർണമെന്റുകൾ നടത്തേണ്ട ഗതികേട് നാട്ടുകാർക്ക് വരുന്നത് എന്തുകൊണ്ടാണ്?
പഞ്ചായത്തുകൾ തോറും സ്‌റ്റേഡിയമെന്ന വാഗ്ദാനം കേരളം കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.സ്ഥലം ലഭ്യമായ പഞ്ചായത്തുകളിൽ ഇതിനകം കളിസ്ഥലം നിർമിച്ചിട്ടുണ്ട്.എന്നാൽ അവിടങ്ങളിൽ ആയിരക്കണക്കിന് വരുന്ന ഫുട്‌ബോൾ പ്രേമികൾക്ക് സുരക്ഷിതമായി കളി കാണാൻ സൗകര്യമില്ല.ഒന്നിച്ചിരുന്ന് കളി കാണാൻ സ്ഥിരം ഗാലറികളില്ല. പല പഞ്ചായത്ത് സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകർന്നു കിടക്കുകയാണ്.കാലികൾക്ക് മേയാനുള്ള സ്ഥലങ്ങളായി അവ മാറിയിരിക്കുന്നു.
ബ്ലോക്ക് തലങ്ങളിലെങ്കിലും നിരവാരമുള്ള, ചുറ്റും ഗാലറിയോടു കൂടിയ സ്‌റ്റേഡിയങ്ങൾ നിർമിക്കേണ്ടത് ഈ ജനകീയ കായിക മേളയെ നിലനിർത്തുന്നതിന് അനിവാര്യമാണ്.നഗരങ്ങളിലും ചില നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലും നിലവിൽ സ്‌റ്റേഡിയങ്ങൾ ഉണ്ട്.
എന്നാൽ ടൂർണമെന്റുകൾ നടക്കുന്നത് പലപ്പോഴും ഉൾഗ്രാമങ്ങളിലായതിനാൽ അവിടെ മികച്ച സംവിധാനങ്ങളില്ല.നാലോ അഞ്ചോ പഞ്ചായത്തുകൾക്കായി ഒരു മികച്ച സ്റ്റേഡിയം വരുന്നതോടെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകൾ മെച്ചപ്പെട്ട രീതിയിൽ നടത്താനും കാണികൾക്ക് അത് ആസ്വദിക്കാനുമാകും.ഗ്രാമീണ തലത്തിൽ ഇത്തരം മികച്ച സ്റ്റേഡിയങ്ങൾ നിർമിച്ച് ടൂർണമെന്റുകൾ അവിടെ മാത്രം നടത്തണമെന്നും സർക്കാരിന് നിർദേശിക്കാവുന്നതാണ്.
ഫുട്‌ബോൾ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഫുട്ബാൾ നിരോധിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല.അപകടങ്ങൾ ഇല്ലാതെ മത്സരങ്ങൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആവശ്യം.
കായിക മേഖലയുടെ വളർച്ചക്കായി സർക്കാർ കോടികൾ വാരിയെറിയുമ്പോഴും സുസ്ഥിരമായ വികസനം ഈ മേഖലയിൽ നടക്കുന്നില്ല.പണം ചെലവഴിക്കപ്പെടുന്നത് അനാവശ്യ കാര്യങ്ങൾക്കാണെന്ന് മാത്രം.
സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുടെ ഫണ്ടുകൾ ഉപയോഗിച്ച് ബ്ലോക്ക് തലങ്ങളിൽ നിരവാരമുള്ള സ്‌റ്റേഡിയങ്ങൾ നിർമിക്കപ്പെടണം.തലമുറകൾക്ക് ഉപകാരപ്പെടുന്ന വികസനമാണ് ഇത്തരത്തിൽ യാഥാർഥ്യമാക്കേണ്ടത്.