മലപ്പുറം-പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളത്തില്‍ സര്‍വെ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടു വന്ന് കെ റെയിലിന് കല്ലിടുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നമാണെങ്കില്‍ അത് പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ മാത്രമാണ് മറ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കുക. കേന്ദ്രം അനുവദിച്ച കാര്യങ്ങള്‍ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും കോടിയേരി പറഞ്ഞു.
ചങ്ങനാശേരിയില്‍ രണ്ടാം വിമോചന സമരമെന്ന് പറയുന്നവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. വിമോചന സമരത്തിന്റെ കാലമൊക്കെ മാറിപ്പോയി. സമരത്തിന് അനുകൂലമോ പ്രതികൂലമോ അല്ലെന്നാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും കോടിയേരി പറഞ്ഞു.