Sorry, you need to enable JavaScript to visit this website.

ഹൂത്തി ആക്രമണം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അധികൃതർ

റിയാദ്- സൗദി അറേബ്യക്കെതിരെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അധികൃതർ രംഗത്ത്. സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കും തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ഹൂത്തി മിലീഷ്യകൾ ഇതുവരെ തൊടുത്തുവിട്ടത് 459 ബാലിസ്റ്റിക് മിസൈലുകളാണ്. 911 ഡ്രോണുകളും 106 റിമോട്ട് കൺട്രോൾ ബോട്ടുകളും ഉപയോഗിച്ച് ഹൂത്തികൾ ആക്രമണങ്ങൾക്ക് ശ്രമിച്ചു. 
കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച് ചെങ്കടലിൽ ഹൂത്തികൾ 272 സമുദ്ര മൈനുകളും സ്ഥാപിച്ചു. ദക്ഷിണ സൗദിയിലെ വിവിധ നഗരങ്ങൾക്കും പ്രവിശ്യകൾക്കും നേരെ 1,00,830 ഷെല്ലുകളും ഹൂത്തികൾ ഇതുവരെ തൊടുത്തു വിട്ടതായി സഖ്യസേന പറഞ്ഞു. 
സൗദിയിൽ സിവിലിയൻ പശ്ചാത്തല സൗകര്യങ്ങൾക്കു നേരെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളെ അമേരിക്ക അപലപിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. ഹൂത്തികൾ സംഘർഷം ലഘൂകരിക്കുകയും യു.എന്നുമായി സഹകരിക്കുകയും വേണം. ഇറാന്റെ സഹായത്തോടെയാണ് ഹൂത്തികൾ ആക്രമണങ്ങൾ നടത്തുന്നത്. ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈൽ ഘടകങ്ങളും ഡ്രോണുകളും നൽകുന്നത് ഇറാനാണ്. മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഹൂത്തികൾക്ക് ഇറാൻ പരിശീലനവും നൽകുന്നു. 
ഹൂത്തി ആക്രമണങ്ങൾ യു.എൻ രക്ഷാ സമിതി പ്രമേയങ്ങളുടെ ലംഘനമാണ്. യെമനിലേക്ക് ആയുധങ്ങൾ അയക്കുന്നത് യു.എൻ രക്ഷാ സമിതി പ്രമേയങ്ങൾ വിലക്കുന്നു. വെടിനിർത്തൽ ആഹ്വാനം നിരസിച്ച ഹൂത്തികൾ സമാധാന ശ്രമങ്ങൾക്ക് പുതിയ ആക്രമണങ്ങളിലൂടെയാണ് മറുപടി നൽകുന്നത്. യു.എന്നുമായും ഐക്യരാഷ്ട്ര സഭാ ദൂതനുമായും സഹകരിക്കാൻ ഹൂത്തികൾ സമ്മതിക്കാതെ യെമൻ യുദ്ധം അവസാനിക്കില്ല. 
ഹൂത്തികളുടെ ആക്രമണങ്ങളിൽ നിന്ന് സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നതിന് സഖ്യരാജ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് അമേരിക്ക തുടരും. ഇക്കാര്യത്തിൽ അമേരിക്കയുടെ പാത ആഗോള സമൂഹം പിന്തുടരണമെന്നും ജെയ്ക് സുള്ളിവൻ ആവശ്യപ്പെട്ടു. 
സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ യു.എന്നിലെ അമേരിക്കൻ പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡും അപലപിച്ചു. സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ കാത്തു സൂക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. യു.എൻ വഴി ഹൂത്തികളോട് കണക്കു ചോദിക്കാൻ അധിക ചോയ്‌സുകൾ കണ്ടെത്താൻ അമേരിക്ക ശ്രമിച്ചു വരികയാണെന്നും ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. 

Latest News