Sorry, you need to enable JavaScript to visit this website.

മോഷ്ടിക്കാന്‍ കയറിയ യുവാവ് ഉറങ്ങി, പിടിയിലായി

കൊല്ലം- ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവിന് ഉറക്ക ക്ഷീണം പാരയായതോടെ പിടിവീണു. മോഷ്ടിച്ച സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പോലീസും ചേര്‍ന്ന് വിളിച്ചുണര്‍ത്തി. കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടില്‍ റിട്ട. ജനറല്‍ വൈ. തരകന്റെ വീട്ടിലാണ് സംഭവം. വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കടവൂര്‍ നീരാവില്‍ സ്വദേശിയായ യുവാവിനെ വൈദ്യ പരിശോധനക്ക് ശേഷം കസ്റ്റഡിയിലെടുത്തു. 
പൂട്ടിയിട്ടിരുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ എത്തിയ തരകന്‍ മുന്നിലെ വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ അവിടെ യുവാവ് ഉറങ്ങുന്നതാണ് കണ്ടത്. ഉടന്‍ പുറത്തിറങ്ങി സമീപവാസികളെയും കുണ്ടറ പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് യുവാവിനെ വിളിച്ചുണര്‍ത്തിയത്. മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടുപോകാനായി സഞ്ചികളില്‍ ഭദ്രമായി ശേഖരിച്ചു വച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ അടുക്കളവശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് യുവാവ് അകത്തു കടന്നതെന്നു കണ്ടെത്തി. യുവാവ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാലെ മോഷണമാണോ ലക്ഷ്യമെന്ന് സ്ഥിരീകരിക്കാനാകു എന്നും പോലീസ് വ്യക്തമാക്കി.

Latest News