പത്തനംതിട്ട- അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപമുള്ള ഫെഡറല്‍ ബാങ്ക് എ.ടി.എം കുത്തിതുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ഒഡിഷക്കാരനായ ഗൗരഹരി മാണാ (36) ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. 19 ന് രാത്രിയാണ് മോഷണശ്രമം നടന്നത്.
എ.ടി.എമ്മിന്റെ മുന്‍വശത്തെ സി.സി.ടി.വി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളില്‍ കടന്ന ഇയാള്‍ മെഷീന്റെ മുന്‍വശം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അവിടം വിട്ടുപോകുകയായിരുന്നു. പിന്നീട് എ.ടി.എമ്മിലെത്തിയ ആളുകള്‍ മെഷീന്റെ വാതില്‍ പൊളിഞ്ഞുകിടക്കുന്നത് പോലീസില്‍ അറിയിക്കുകയും, പോലീസ് ബാങ്ക് അധികൃതരെ ഉടനെതന്നെ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടൂര്‍ ഡിവൈ.എസ്. പിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് അടൂരില്‍നിന്നു ഇയാളെ പിടികൂടുകയാണുണ്ടായത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, പ്രതി ഇതരസംസ്ഥാനക്കാരനാണെന്ന് മനസ്സിലാക്കി ക്യാമ്പുകളിലും മറ്റും രാത്രിതന്നെ തെരച്ചില്‍ ആരംഭിച്ചു. വ്യാപകമായ പരിശോധനയില്‍ പ്രതി കുടുങ്ങുകയായിരുന്നു. ഇയാള്‍ വേറെ കേസുകളില്‍ പ്രതിയാണോ, കൂട്ടാളികള്‍ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്. അടൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ രണ്ട് ദിവസമായി ജോലിക്ക് പോയിരുന്നില്ല.