മക്ക - വിശുദ്ധ റമദാനില്‍ ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് 2,000 ലൈസന്‍സുകള്‍ അനുവദിച്ചതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് വിശുദ്ധ ഹറമില്‍ ഇഫ്താര്‍ വിതരണം പുനരാരംഭിക്കുന്നത്. ഹറംകാര്യ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തന പദ്ധതിക്കാണ് ഇത്തവണ രൂപംനല്‍കിയിരിക്കുന്നത്.
വിശുദ്ധ റമദാനില്‍ ഹറംകാര്യ വകുപ്പിനു കീഴില്‍ 12,000 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കും. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും കൊറോണ മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയിലും അതിനു മുമ്പും നിലവിലുണ്ടായിരുന്നതു പോലെ ഹറമില്‍ ഊര്‍ജിതമായ നിലക്ക് നിരന്തരം അണുനശീകരണ, ശുചീകരണ ജോലികള്‍ നിര്‍വഹിക്കും. തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ശ്രമിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആപ്പുകളും ഡിജിറ്റല്‍വല്‍ക്കരണവും ഹറംകാര്യ വകുപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ആള്‍ക്കൂട്ടങ്ങളുടെ നീക്കം എളുപ്പമാക്കാന്‍ ശ്രമിച്ച് വിശുദ്ധ കഅ്ബാലയത്തോടു ചേര്‍ന്ന മതാഫും മതാഫ് കോംപ്ലക്‌സിന്റെ അടിയിലെ നിലയും ലോബിയും ഉംറ തീര്‍ഥാടകര്‍ക്കു വേണ്ടി മാത്രമായി നീക്കിവെച്ചിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.