ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഹഫര്‍ അല്‍ബാത്തിനില്‍ മഴവെള്ളം തിരിച്ചുവിടുന്നതിന് നിര്‍മിച്ചുകൊണ്ടിരിക്കുന്ന കനാലില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ഹഫര്‍ അല്‍ബാത്തിന് വടക്ക് മൂസ അല്‍അശ്അരി ഡിസ്ട്രിക്ടിനു സമീപമാണ് ദുരന്തം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. സുല്‍ത്താന്‍ റാഗിബ് അല്‍റഹൈലി (12), ഗാനിം മുഹമ്മദ് അല്‍ബദാലി (10), സഹോദരന്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ബദാലി (7) എന്നിവരാണ് മുങ്ങിമരിച്ചത്.
നിര്‍മാണം പൂര്‍ത്തിയാകാത്ത കനാലിലെ വെള്ളക്കെട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് തന്റെ മകനും മറ്റു രണ്ടു പേരും മുങ്ങിമരിച്ചതെന്നും ഇവിടെ വെള്ളത്തിന് മൂന്നു മീറ്റര്‍ താഴ്ചയുണ്ടെന്നും സുല്‍ത്താന്‍ റാഗിബ് അല്‍റഹൈലിയുടെ പിതാവ് പറഞ്ഞു. പ്രദേശത്ത് ഒരുവിധ സുരക്ഷാ ക്രമീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കുട്ടികള്‍ അടക്കമുള്ളവര്‍ വീഴാതിരിക്കാനും ഇറങ്ങാതിരിക്കാനും കനാലിന്റെ വശങ്ങളില്‍ ഭിത്തിയും വേലിയും നിര്‍മിക്കുകയോ ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം അടിച്ചൊഴിവാക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് മൂന്നു കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ മൂന്നു പേരെയും കണ്ടെത്തിയതെന്നും റാഗിബ് അല്‍റഹൈലി പറഞ്ഞു.
തങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ കളിക്കാനായി വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിന്നീട് കാണാതാവുകയുമായിരുന്നെന്ന് ഗാനിം അല്‍ബദാലിയുടെയും അബ്ദുറഹ്മാന്‍ അല്‍ബദാലിയുടെയും പിതാവ് മുഹമ്മദ് അല്‍ജമീലി അല്‍ബദാലി പറഞ്ഞു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ മക്കളെയും അവരുടെ കൂട്ടുകാരനെയും കണ്ടെത്തിയത്.
ഹഫര്‍ അല്‍ബാത്തിനിലെ അല്‍ശുറൈഅ് ജുമാമസ്ജിദില്‍ അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മറവു ചെയ്തു. അപകട സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സമാന അപകടങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹഫര്‍ അല്‍ബാത്തിന്‍ മേയര്‍ക്കും വികസനകാര്യ സൂപ്പര്‍വൈസര്‍ ജനറലിനും സിവില്‍ ഡിഫന്‍സ് മേധാവിക്കും ഹഫര്‍ അല്‍ബാത്തിന്‍ ആക്ടിംഗ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.