Sorry, you need to enable JavaScript to visit this website.

ജെബി മേത്തർ: കോൺഗ്രസിനെ മുന്നോട്ട് നയിക്കുന്ന തീരുമാനം

ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥിയത് ആ പാർട്ടിയിൽ അടുത്ത  കാലത്ത് വന്ന മാറ്റത്തിന്റെ തെളിവായിത്തീർന്നിരിക്കുന്നു . വലിയ കോലാഹലങ്ങളുണ്ടാകുമെന്ന് എതിർപക്ഷവും കോൺഗ്രസിലെ തന്നെ തൽപരകക്ഷികളും കണക്കുകൂട്ടിയ വിഷയമാണ് അതിലളിതമായി പരിഹരിക്കപ്പെട്ടിരിക്കുന്നത്. 
ജെബി മേത്തർ തെരഞ്ഞെടുക്കപ്പെട്ട വാർത്ത പത്രങ്ങളിൽ അച്ചടിച്ചു വന്ന ദിവസം തന്നെ ഈ 43 കാരിയെ കേരള ജനത കണ്ടത് പോലീസ് ബാരിക്കേഡിന് മുകളിലാണ്. തിരുവനന്തപുരം ലോ കോളേജിലെ കെ. എസ്. യു ഭാരവാഹിയെയും സിൽവർ ലൈൻ പ്രതിഷേധങ്ങൾക്കിടെ സ്ത്രീകളെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് പോലീസ് ആസ്ഥാനത്തേക്കു നടത്തിയ മാർച്ച് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിൽ പോലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ജെബി  സമരസജ്ജരായ പാർട്ടി പ്രവർത്തകർക്ക്  നൽകുന്നത് വലിയ ആവേശമായിരിക്കും. കേരളത്തിൽ സി. പി. എമ്മും അവരുടെ പിന്നാലെ  സി. പി ഐയും പാർട്ടിയിൽ യുവത്വത്തെ കൊണ്ടുവരുന്ന കാര്യത്തിൽ പ്രകടനാത്മകമായ സമീപനമാണ് സ്വീകരിച്ചത്. എ.എ. റഹീമിനെ (42) സി.പി.എമ്മും സന്തോഷ് കുമാറിനെ (51) സി.പി.ഐയും  സ്ഥാനാർഥിയാക്കിയപ്പോൾ  വലിയ തോതിലുള്ള പ്രചാരണം അതിന് ലഭിച്ചു.  ഈ പറഞ്ഞ  പ്രായപരിധി നിശ്ചയിക്കലൊക്കെ സൗകര്യാധിഷ്ഠിതമാണെന്നതൊക്കെ പ്രചാരണത്തിനിടക്ക് എല്ലാവരും മറന്നു പോകുമായിരുന്നു.   കണ്ടില്ലെ , അവിടെ യുവാക്കൾക്ക് എന്തു മാത്രം പരിഗണന എന്ന് ഇടതുപക്ഷത്തെ നോക്കി പ്രചാരണം നടത്താനുള്ള സാധ്യതയാണ് ജെബിയുടെ നിയമനം ഇല്ലാതാക്കിയത്.  സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളും  യുവ നിരയിലെ പ്രമുഖരും  നോട്ടമിട്ട സീറ്റിലേക്കാണ് ജെബി എത്തിയത്. കെ. പി. സി .സി നൽകിയ ലിസ്റ്റിൽ യുവ പ്രതിധികൾ വേറെയും ഉണ്ടായിരുന്നുവെങ്കിലും വനിതയായി ജെബി മാത്രമാണുണ്ടായിരുന്നത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് പാർട്ടി കടക്കുന്നതിന് തൊട്ട് മുമ്പ് സീറ്റ് കിട്ടാത്തതിന്റെ പേരിൽ വനിത കോൺഗ്രസ് അധ്യക്ഷ പാർട്ടി വിട്ടുപോയതും തല മുണ്ഡനവുമെല്ലാം കോൺഗ്രസിനെ പിടിച്ചു ലച്ചിരുന്നു. ലതിക സുഭാഷിന്റെ സ്ഥാനത്ത് മഹിള കോൺഗ്രസ് അധ്യക്ഷയായി എത്തിയ ജെബിയെ തേടിയെത്തിയ എം.പി സ്ഥാനം  കോൺഗ്രസ് എതിരാളികൾക്ക് നൽകുന്ന രാഷ്ട്രീയ സന്ദേശം വളരെ വലുതാണ്.  ഹൈക്കമാൻഡ്  നിർദേശിച്ച  ശ്രീനിവാസൻ കൃഷ്ണന്റെ പേര് പാനലിന്റെ നാലയലത്ത് പോലും വന്നില്ലെന്നത് കേരളത്തിലെ കോൺഗ്രസിന് നൽകുന്ന സന്ദേശം ചെറുതൊന്നുമല്ല.  കോൺഗ്രസ് മുക്ത കേരളം എന്ന ഏക ലക്ഷ്യത്തിനായി സി. പി. എമ്മും ബി  . ജെ .പിയും സർവശക്തിയോടെ പ്രവർത്തിക്കുന്ന കാലമാണിതെന്ന് പാർട്ടി  തിരിച്ചറിഞ്ഞതിന്റെ ഫലമായിരിക്കാം ഇതൊക്കെ. ഈ പറഞ്ഞ ശ്രീനിവാസൻ കൃഷ്ണന്റെ പേരായിരുന്നു നിർദേശിക്കപ്പെട്ടതെങ്കിൽ രാഷ്ട്രീയ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാകുമായിരുന്നു.
ജെബി കോൺഗ്രസിൽ ആരാണ് എന്നൊന്നും ആരും ചോദിക്കില്ല. അത്രക്കുണ്ട് ജെബിയുടെ കുടുംബത്തിന്റെ കോൺഗ്രസ് പാരമ്പര്യം. കോൺഗ്രസ് പ്രസിഡന്റായിരുന്ന ടി.ഒ. ബാവക്ക് ആ പാർട്ടിയിലുള്ള സ്ഥാനം ആദരണീയമാണ്. അദ്ദേഹത്തിന്റെ മകളാണ് ജെബിയുടെ മാതാവ്. പിതാവാകട്ടെ,  കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന  കെ.എം.ഐ. മേത്തർ. കെ.പി.സി.സി ട്രഷററായിരുന്ന കെ.സി.എം മേത്തറുടെ മകനാണ് കെ.എം.ഐ മേത്തർ.    കോൺഗ്രസ് എ വിഭാഗത്തിന്റെ ഏറ്റവും അടുത്തയാളാണ് ജെബിയുടെ പിതാവ്. 
 ജെബിയുടെ എല്ലാ  കുടുംബ വഴികളും കോൺഗ്രസിലെത്തുന്നു. ജെബിയും നല്ല പോരാട്ടം കാഴ്ച വെച്ചു തന്നെയാണ്  മുന്നേറിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകയായി തുടങ്ങിയ പ്രവർത്തനത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറുകയായിരുന്നു. ഏറ്റവും അവസാനം ആലുവയിൽ നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിലെ സമര രംഗത്ത് ജെബിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ജെബിയുടെ നിയമനത്തിനെതിരെ എതിർ ശബ്ദമുണ്ടായത് ആർ.എസ്.പി സെക്രട്ടറി എ.എ. അസീസിൽ നിന്ന് മാത്രാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ രൂക്ഷമായി പ്രതികരിച്ചതോടെ അസീസ് നിലപാട് മാറ്റിയിട്ടുണ്ട്. ജെബിയെ സ്ഥാനാർഥിയാക്കിയതിലൂടെ കോൺഗ്രസ് കാലത്തിന്റെ ചുവരെഴുത്ത് വായിച്ചു എന്നാണ് സിനിമാ നിർമാതാവ് ആന്റോ ജോസഫ് പ്രതികരിച്ചത്. ഇത്തരം നിലപാടുകൾ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്ന് ആന്റോ ജോസഫ് പറഞ്ഞത് ജെബിയുടെ കാര്യത്തിലെ പൊതുനിലപാടായി കാണാവുന്നതാണ്. സീറ്റ് കിട്ടാതെ പോയ കെ.വി. തോമസിന്റെ മകൻ പരിധി വിട്ട് പ്രതികരിച്ചെങ്കിലും കെ.വി. തോമസ് തന്ത്രപൂർവം ഒഴിഞ്ഞു മാറിയതും വലിയൊരു സൂചന തന്നെ.
 

Latest News