ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ സുസുകി മോട്ടോർ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണത്തിൽ വൻ മാറ്റത്തിന് വഴിയൊരുക്കുന്നു. ഇന്ത്യയിൽ, ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമിക്കുന്നതിനായി 1.26 ബില്യൺ ഡോളർ നിക്ഷേപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. 2025 ൽ പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയിൽ ഒരു പുതിയ ഇലക്ട്രിക് വാഹന ഉൽപാദന ലൈൻ നിർമിക്കുന്നതിന് തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. ഗുജറാത്തിലാണ് കമ്പനി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് ഗുജറാത്ത് സർക്കാരുമായി സുസുക്കി അധികൃതർ ധാരണാപത്രിത്തിൽ ഒപ്പുവെച്ചു. കൂടാതെ, ആത്മനിർഭർ ഭാരതിനായി ഇനിയും വൻതുക സുസുകി ഇന്ത്യയിൽ നിക്ഷേപിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. ചെറിയ കാറുകൾ ഉപയോഗിച്ച് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സുസുകിയുടെ ഭാവി ദൗത്യമെന്നാണ് സുസുകി മോട്ടോർ ഡയറക്ടറുടെ പ്രതിനിധി തൊഷീറോ സുസുകി അറിയിച്ചത്.
ചെറിയ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഇവി മേഖലയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഇവിടെ താങ്ങാനാകുന്ന വിലക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കാറുകളുടെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് സൂചന. 2020 ഓടെ രാജ്യത്ത് വിൽക്കുന്ന കാറുകളിൽ 30 ശതമാനവും വൈദ്യുത വാഹനങ്ങളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക അനുകൂല്യങ്ങളും നൽകുന്നുണ്ട്.
നിലവിൽ, സുസുകി ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ തോഷിബ, ഗുജറാത്തിലെ ഡെസ്നോ എന്നിവയുമായി ചേർന്ന് ഒരു സംയുക്ത സംരംഭ ബാറ്ററി ഫാക്ടറി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവിടെ നിർമിക്കുന്ന ബാറ്ററികൾ ഹൈബ്രിഡ് കാറുകളിലാണ് ഉപയോഗിക്കുന്നത്. പുതിയ ഇവി ബാറ്ററി പ്ലാന്റ് കൂടി വരുന്നതോടെ, ഇന്ത്യയുടെ ഇവി വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് സുസുകിയുടെ പ്രതീക്ഷ.