റിയാദ് - സൗദിയില്‍ കോവിഡ് ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് 97.7 ശതമാനമായി ഉയര്‍ന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഗള്‍ഫില്‍ മൊത്തത്തില്‍ രോഗമുക്തി നിരക്ക് 98 ശതമാനമാണ്. രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ ഖത്തറിലും കുറവ് യു.എ.ഇയിലുമാണ്. ഖത്തറില്‍ രോഗമുക്തി നിരക്ക് 99.5 ശതമാനവും യു.എ.ഇയില്‍ രോഗമുക്തി നിരക്ക് 96.5 ശതമാനവുമാണ്. കുവൈത്തില്‍ 99.2 ഉം ഒമാനില്‍ 98.4 ഉം ബഹ്‌ററൈനില്‍ 98.1 ഉം ശതമാനമാണ് രോഗമുക്തി നിരക്കുകള്‍.
ഞായറാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ 1,946 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇയില്‍ 347 ഉം ബഹ്‌റൈനില്‍ 1,016 ഉം സൗദിയില്‍ 126 ഉം ഒമാനില്‍ 108 ഉം ഖത്തറില്‍ 150 ഉം കുവൈത്തില്‍ 199 ഉം പേര്‍ക്ക് ഞായറാഴ്ച കോവിഡ്ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച സൗദിയില്‍ ഒരു കൊറോണ രോഗി മരണപ്പെട്ടു. മറ്റു അഞ്ചു ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ച കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച വരെ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ആകെ 35,56,983 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 34,85,116 പേര്‍ രോഗമുക്തരാവുകയും 20,275 പേര്‍ മരണപ്പെടുകയും ചെയ്തു. മാര്‍ച്ച് 20 ന് അര്‍ധ രാത്രി വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 11,14,77,413 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.