Sorry, you need to enable JavaScript to visit this website.

തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ബാലനെ രക്ഷിച്ച് സൗദി പൗരന്‍

ജിസാന്‍ - തെരുവു നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയെ രക്ഷിച്ച് സൗദി പൗരന്‍ മന്‍സൂര്‍ അല്‍ഹികമി. ദക്ഷിണ ജിസാനിലെ അല്‍മുദായയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ പിറകെ തെരുവു നായ്ക്കള്‍ കൂടിയത്.
തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ച് പിറകെ ഓടിയതോടെ വിദ്യാര്‍ഥി ഉച്ചത്തില്‍ കരഞ്ഞ് ഓടിരക്ഷപ്പെടാന്‍ നോക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറാന്‍ നേരത്താണ് ബാലന്റെ കരച്ചില്‍ താന്‍ കേട്ടതെന്ന് മന്‍സൂര്‍ അല്‍ഹികമി പറഞ്ഞു. തിരിഞ്ഞുനോക്കിയപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ച് ബാലന്റെ പിറകെ ഏതാനും തെരുവു നായ്ക്കള്‍ ഓടുന്നതാണ് കണ്ടത്. ഉടന്‍ തന്നെ നായ്ക്കളെ ആട്ടികയറ്റി ബാലനെ രക്ഷിക്കാന്‍ താന്‍ ഓടിയണഞ്ഞു.
ഇതിനിടെ വെപ്രാളത്തിലും ധൃതിയിലും കാല്‍തെന്നി താന്‍ നിലത്തുവീണു. തുടര്‍ന്ന് നായ്ക്കള്‍ ബാലനെ ഉപേക്ഷിച്ച് ഓടിയകലുകയായിരുന്നു. വീഴ്ചയില്‍ തനിക്ക് നിസാര പരിക്കുകള്‍ പറ്റി. പേടിച്ചുവിറച്ച വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി. വിദ്യാര്‍ഥിക്ക് പരിക്കുകളൊന്നും നേരിട്ടിട്ടില്ലെന്നും ആരോഗ്യനില ഭദ്രമാണെന്നും മന്‍സൂര്‍ അല്‍ഹികമി പറഞ്ഞു. ആക്രമിക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥിയുടെ പിറകെ തെരുവുനായ്ക്കള്‍ ഓടിയടുക്കുന്നതിന്റെയും ബാലനെ രക്ഷിക്കാന്‍ ശ്രമിച്ച് മന്‍സൂര്‍ അല്‍ഹികമി ഓടിയണയുന്നതിന്റെയും വെപ്രാളത്തില്‍ ഇദ്ദേഹം കാല്‍തെന്നി വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു.

 

 

Latest News