ജിദ്ദ- ഓൺലൈൻ പൊതുപരീക്ഷ മോഡൽ എക്‌സാം വിജയകരമായി കഴിഞ്ഞതോടുകൂടി ഗൾഫിൽ സുന്നി മദ്രസകളിൽ പരീക്ഷ തുടങ്ങി. 5,7, 10 ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷകളുടെ ഭാഗമായുള്ള ഖുർആൻ ഹിഫ്ദ്, പാരായണ പരീക്ഷകളാണ് ഓൺലൈനായി നടന്നത്. വാർഷിക പരീക്ഷകൾ ഈ ആഴ്ച മുതൽ ആരംഭിക്കും. മാർച്ച് അവസാനം വരെ വിവിധ ഘട്ടങ്ങളിലായി ഓൺലൈനിലും ഓഫ് ലൈനിലുമായി 11,240 കുട്ടികൾ പരീക്ഷ എഴുതും. പ്രവസ ലോകത്ത് ഐസിഎഫ് ഗൾഫ് കൗൺസിലിന് കീഴിലുള്ള വിദ്യാഭ്യാസ സമിതിയാണ് മദ്രസകൾക്ക് നേതൃത്വം നൽകുന്നത്. മതപഠനത്തിന് പുറമെ കുട്ടികളുടെ വ്യക്തിത്വ വികാസം, ലൈഫ് സ്‌കിൽസ്, സോഷ്യൽ എൻജിനീയറിംഗ് എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സിലബസ് എന്ന് ഐസിഎഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി പറഞ്ഞു. അടുത്ത തലമുറയുടെ സാംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിൽ മദ്രസ സംവിധാനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും ഇനിയും അത് പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.