Sorry, you need to enable JavaScript to visit this website.

സൗദി ബിൻ ലാദിൻ ഗ്രൂപ്പിന്റെ 35 ശതമാനം  ഓഹരി സർക്കാർ ഏറ്റെടുക്കുന്നു

റിയാദ് - മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ കോൺട്രാക്ടിംഗ് കമ്പനിയായ സൗദി ബിൻ ലാദിൻ ഗ്രൂപ്പിന്റെ 35 ശതമാനം ഓഹരി ഗവൺമെന്റ് ഏറ്റെടുക്കുന്നു. അഴിമതി കേസിൽ  അറസ്റ്റിലായ കമ്പനി ചെയർമാൻ എൻജിനീയർ ബക്ർ ബിൻ ലാദിനും സഹോദരന്മാരായ സ്വാലിഹ് ബിൻ ബിൻ ലാദിനും സഅദ് ബിൻ ലാദിനുമായുണ്ടാക്കിയ ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായാണ് കമ്പനിയുടെ 35 ശതമാനം ഓഹരികൾ ഗവൺമെന്റിന് കൈമാറുന്നത്. അഴിമതി കേസ് അനുരഞ്ജനത്തിലൂടെ ഒത്തുതീർക്കുന്നതിന് ബിൻ ലാദിൻ ഗ്രൂപ്പ് ഉടമകൾ സന്നദ്ധരായതായി നേരത്തെ  റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കമ്പനിയുടെ എത്ര ശതമാനം ഓഹരികളാണ് സർക്കാരിന് കൈമാറുകയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അഴിമതി കേസിൽ അറസ്റ്റിലായ ബക്ർ ബിൻ ലാദിനും സഹോദരന്മാർക്കും കമ്പനിയിൽ ആകെ 35 ശതമാനം ഓഹരികളാണുള്ളത്. ഈ ഓഹരികൾ മുഴുവൻ ഗവൺമെന്റിന് കൈമാറാനാണ് ഒത്തുതീർപ്പെന്ന്  ബന്ധപ്പെട്ടവർ പറഞ്ഞു. 
നവംബർ ആദ്യത്തിലാണ് ബിൻ ലാദിൻ ഗ്രൂപ്പ് ഉടമകൾ അടക്കമുള്ള വ്യവസായികളെയും രാജകുമാരന്മാരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവിൽ തിരിച്ചടച്ച് കേസ് ഒത്തുതീർക്കുന്നതിന് അറസ്റ്റിലായവരിൽ 95 ശതമാനം പേരും തയാറായി. ഇതോടെ ഭൂരിഭാഗം പേരെയും  വിട്ടയച്ചു. എന്നാൽ ബക്ർ ബിൻ ലാദിനെയും സഹോദരന്മാരെയും വിട്ടയച്ചിട്ടുണ്ടോയെന്ന കാര്യം അറിവായിട്ടില്ല. അഴിമതി കേസ് പ്രതികളുമായുണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളിലൂടെ പതിനായിരം കോടിയിലേറെ ഡോളർ പൊതുഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിച്ചതായി ഉന്നതാധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. പണമായും കമ്പനി ഓഹരികളായും കെട്ടിടങ്ങളും സ്ഥലങ്ങളായുമാണ് ഇത്രയും തുക വീണ്ടെടുത്തത്. കെട്ടിടങ്ങളും സ്ഥലങ്ങളും കമ്പനി ഓഹരികളും അടക്കമുള്ള സ്വത്തുക്കൾ വിൽപന നടത്തി പണം ഖജനാവിൽ എത്തിക്കുന്നതിന് സമയമെടുക്കുമെന്നും അധികൃതർ സൂചിപ്പിച്ചിരുന്നു. 
പുതിയ ജിദ്ദ എയർപോർട്ട്, റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ അടക്കം ഏതാനും വൻകിട പദ്ധതികളുടെ നിർമാണ ജോലികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സൗദി ബിൻ ലാദിൻ ഗ്രൂപ്പ് അടുത്ത കാലത്ത് നിർത്തിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയിൽ വേതന വിതരണം വൈകുകയും ഇത് തൊഴിൽ സമരങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. പ്രതിസന്ധിയെ തുടർന്ന് പതിനായിരക്കണക്കിന് വിദേശികളെ കമ്പനി പിരിച്ചുവിട്ടു.   അഴിമതി കേസിൽ ചെയർമാനും സഹോദരന്മാരും അറസ്റ്റിലായതിനെ തുടർന്ന് സൗദി ബിൻ ലാദിൻ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതിന് ധനമന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഇതിൽ രണ്ടു പേർ ബക്ർ ബിൻ ലാദിന്റെ സഹോദരന്മാരും മൂന്നു പേർ സ്വതന്ത്ര അംഗങ്ങളുമാണ്.
 

Latest News