കാളികാവ്- പൂങ്ങോട് പി.എഫ്.സി ജനകീയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കാനിരിക്കേ ഗാലറി തകര്‍ന്നു 150 ലേറെ പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കാളികാവ് പോലീസ് കേസെടുത്തു. കാണികളുടെ ആധിക്യവും മഴയും ദുരന്തത്തിനു കാരണമായതായി വിലയിരുത്തല്‍. കോഴിക്കോട് റോയല്‍ ട്രാവല്‍സും യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും തമ്മിലുള്ള മത്സരമാണ് നടക്കേണ്ടിയിരുന്നത്.
അയ്യായിരം പേര്‍ക്കിരിക്കാവുന്ന ഗാലറിയില്‍ കയറിയത് പതിനായിരത്തോളം കാണികളാണ്. മത്സരത്തലേന്നുണ്ടായ ശക്തമായ മഴയില്‍ ഗാലറിയുടെ തൂണുകള്‍ ബലം കുറഞ്ഞ മണ്ണില്‍ താഴ്ന്നു പോയത് അപകടത്തിനിടയാക്കിയെന്നാണ് നിഗമനം. കളി തുടങ്ങാന്‍ മിനിട്ടുകള്‍ ബാക്കിയുള്ളപ്പോഴാണ് 75 മീറ്ററോളം നീളത്തില്‍ കിഴക്കുഭാഗത്തെ ഗാലറി തകര്‍ന്നു വീണത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പോലീസും അവസരോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയത് അപകടത്തിന്റെ തോത് കുറച്ചു. വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഗാലറി തകര്‍ന്നതിനു ശേഷം കാണികള്‍ അഴിഞ്ഞാടിയത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി.
അക്രമാസക്തരായ കാണികള്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. ലക്ഷങ്ങള്‍ വിലയുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍, കാമറകള്‍, കസേരകള്‍, ഓഫീസിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വിജയികള്‍ക്ക് നല്‍കാനുള്ള ട്രോഫികള്‍ തുടങ്ങിയവയെല്ലാം അടിച്ചു തകര്‍ത്തു. പോലീസിനു നേരെയും കമ്മിറ്റി ഭാരവാഹികള്‍ക്കു നേരെയും ആക്രമണമുണ്ടായി. വന്‍ പോലീസ് സന്നാഹമെത്തിയാണ് അക്രമികളെ തുരത്തിയത്.