മദീന - ബാലനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത രണ്ടു സൗദി പൗരന്മാർക്ക് മദീന പ്രവിശ്യയിലെ യാമ്പുവിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുൽമജീദ് ബിൻ മർസൂഖ് അൽസുബ്ഹി, ഈദ് ബിൻ ബഖീത് അൽസുബ്ഹി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
രണ്ടു സോമാലിയക്കാരെ കൊലപ്പെടുത്തിയ എത്യോപ്യക്കാരന് റിയാദ് പ്രവിശ്യയിൽ പെട്ട ദവാദ്മിയിലും വധശിക്ഷ നടപ്പാക്കി. സോമാലിയക്കാരായ അഫ്തീൻ അബ്ദുല്ല അലി ഹുസൈൻ, ശരീഫ് മുഹമ്മദ് അലം എന്നിവരെ ഉറങ്ങിക്കിടക്കുന്നതിനിടെ ഇരുമ്പ് ദണ്ഡുകൊണ്ട് ശിരസ്സുകൾക്ക് അടിച്ചുകൊലപ്പെടുത്തിയ എത്യോപ്യക്കാരൻ ജമാൽ അബൂബക്കർ മുഹമ്മദിന് ആണ് വധശിക്ഷ നടപ്പാക്കിയത്.